
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയും നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയുമായ സൈമൺ ടാറ്റ 95-ാം വയസിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ദുബായിലെ കിങ്സ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ വർഷം ഓഗസ്റ്റ് മാസത്തിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻ്റി ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പിന്‍റെ വളർച്ചയിൽ, പ്രത്യേകിച്ച് പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡായ ‘ലാക്മെ’യുടെ കുതിപ്പിൽ സൈമൺ ടാറ്റ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ജനിച്ച സൈമൺ ടാറ്റ, 1953-ൽ ഒരു വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തി. രണ്ട് വർഷത്തിന് ശേഷം, 1955-ൽ നേവൽ എച്ച്. ടാറ്റയെ വിവാഹം കഴിച്ചു. 1960-കളോടെ ടാറ്റ ഗ്രൂപ്പിൻ്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ അവർ പങ്കാളിയായി.
1961-ൽ അവർ ലാക്മെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായി. ടാറ്റ ഓയിൽ മിൽസ് കമ്പനിയുടെ ഒരു ഉപസ്ഥാപനം മാത്രമായിരുന്ന ലാക്മെ ബ്രാൻഡിനെ ഇന്ത്യൻ സ്ത്രീകളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് വളർത്തിയെടുത്തത് സൈമൺ ടാറ്റയുടെ നേതൃത്വത്തിലാണ്. 1982-ൽ അവർ ലാക്മെ കമ്പനിയുടെ ചെയർപേഴ്‌സണായി നിയമിതയായി.
പിൽക്കാലത്ത്, ടാറ്റ ഗ്രൂപ്പ് ഈ കമ്പനി ഹിന്ദുസ്ഥാൻ യൂണിലിവറിന് വിൽക്കുകയായിരുന്നു. കോർപ്പറേറ്റ് ലോകത്തെ അവരുടെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.











