മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പരിപാടിയായ ‘സി.എം. വിത്ത് മി’യുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീല സംഭാഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് മ്യൂസിയം പോലീസിൻ്റെ പിടിയിലായത്.

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ സർക്കാരുമായി നേരിട്ട് പങ്കുവെക്കാനും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറാനും സൗകര്യമൊരുക്കുന്ന സംവിധാനമാണ് ‘സി.എം. വിത്ത് മി’ പരിപാടി. ഈ പരിപാടിയുടെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരമായി വിളിച്ച അർജുൻ, ഫോൺ കോളുകൾക്ക് മറുപടി നൽകിയിരുന്ന വനിതാ ജീവനക്കാരെ അസഭ്യം പറയുകയും അശ്ലീല സംഭാഷണങ്ങൾ നടത്തുകയുമായിരുന്നു.വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ അർജുൻ. ‘സി.എം. വിത്ത് മി’യുമായി ബന്ധപ്പെട്ട പരാതി കൂടാതെ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പോലീസുകാരുമായി ബന്ധപ്പെട്ട മരണ വാർത്തകൾ ഓൺലൈനിൽ വരുമ്പോൾ അതിനു താഴെ മോശമായ കമന്റുകൾ ഇടുകയും, തുടർന്ന് ആ സ്റ്റേഷനിലെ എസ്.എച്ച്.ഒ.യെ വിളിച്ച് അസഭ്യം പറയുകയും ചെയ്യുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്തതിനും വനിതാ ജീവനക്കാരെ അധിക്ഷേപിച്ചതിനും ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.