
താൻ കുട്ടിയായിരിക്കുമ്പോൾ ഭൂകമ്പത്തിൽ നിന്ന് ജീവൻ രക്ഷിച്ച സൈനികനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി വിവാഹം കഴിച്ച് യുവതി. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിൽ നവംബർ 29-ന് നടന്ന വാർഷിക ‘ഹാൻ സ്റ്റൈൽ കളക്ടീവ് വെഡ്ഡിംഗ് സെറിമണി’യിലാണ് ലിയാങ് ഷിയ്ബിൻ, ലിയു സിമേയി എന്നിവരുടെ വിവാഹം നടന്നത്.
അവിശ്വസനീയമായ ഈ പ്രണയകഥയുടെ തുടക്കം 17 വർഷം മുൻപാണ്. 2008-ലെ വെൻചുവാൻ ഭൂകമ്പം ഉണ്ടാകുന്ന സമയത്ത്, ലിയാങ് ഷിയ്ബിൻ (22) ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികനായിരുന്നു. അന്ന് വെറും 10 വയസ്സായിരുന്നു ലിയു സിമേയിയുടെ പ്രായം. ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സ്റ്റീൽ കമ്പികൾക്കും ഇഷ്ടികകൾക്കും അടിയിൽ അവൾ കുടുങ്ങിക്കിടക്കുകയായിരുന്നു.
ലിയാങിന്റെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ലിയുവിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. സുഖം പ്രാപിച്ച ശേഷം ലിയുവും കുടുംബവും ഹുനാനിലെ സുഷോവിലേക്ക് മടങ്ങി. വർഷങ്ങളോളം തന്നെ രക്ഷിച്ച സൈനികന്റെ മങ്ങിയ രൂപം മാത്രമായിരുന്നു അവളുടെ മനസ്സിലുണ്ടായിരുന്നത്.
വർഷങ്ങൾക്കിപ്പുറം, 2020-ൽ 22 വയസ്സുകാരിയായ ലിയു ചാങ്ഷയിൽ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ആ അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നത്. അടുത്തുള്ള മേശയിൽ ഇരുന്ന ഒരാളെ ശ്രദ്ധിച്ച ലിയുവിന്റെ അമ്മ, അയാൾക്ക് ഒരിക്കൽ മകളുടെ ജീവൻ രക്ഷിച്ച പട്ടാളക്കാരനുമായി സാമ്യം തോന്നുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് ലിയു ആ യുവാവിനോട് ഇത് ചോദിച്ചു. ‘അതെ’ എന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ, ലിയുവിനെ കണ്ടിട്ട് അയാൾക്ക് പെട്ടെന്ന് മനസ്സിലായില്ല, അവൾ ഒരുപാട് മാറിപ്പോയി എന്നും അയാൾ പറയുകയുണ്ടായി.
അന്ന് വൈകുന്നേരം തന്നെ ലിയു അയാളുടെ വിവരങ്ങൾ സംഘടിപ്പിക്കുകയും ലിയാങുമായി സംസാരിച്ചു തുടങ്ങുകയും ചെയ്തു. അധികം വൈകാതെ, ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറി.
‘നന്ദിയുടെ പേരിലായിരുന്നില്ല താൻ ലിയാങ്ങിനെ പ്രണയിച്ചത്. പകരം, ജീവിതത്തിൽ എന്നേക്കുമായി വിശ്വസിക്കാൻ പോകുന്ന മനുഷ്യനാണ് ഇത് എന്ന് തനിക്ക് തോന്നി. അങ്ങനെയാണ് പ്രണയം തോന്നിയത്,’ ലിയു സിമേയി പറയുന്നു. ലിയാങിനെ സംബന്ധിച്ചിടത്തോളം, ലിയുവിന്റെ എപ്പോഴും പോസിറ്റീവായ മനോഭാവമാണ് ഇഷ്ടപ്പെട്ട കാര്യം.
എന്തായാലും, ഈ അവിസ്മരണീയമായ കഥയ്ക്ക് ശുഭാന്ത്യം കുറിച്ചുകൊണ്ട് ഇരുവരും ഇപ്പോൾ വിവാഹിതരായി ഒരുമിച്ച് ജീവിതം ആരംഭിച്ചിരിക്കുന്നു.











