
കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. കോടതി വിധിയെ പരിഹസിച്ചുകൊണ്ടാണ് ഗായികയുടെ പ്രതികരണം. “Wo Just Wo”എന്നാണ് ചിന്മയി ശ്രീപാദ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചത്.
കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ, ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് ആറ് വർഷം നീണ്ട വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ പ്രധാന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇവയെല്ലാം തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഐ.ടി. നിയമപ്രകാരമുള്ള കുറ്റത്തിലും പൾസർ സുനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാർലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു.
നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഇവരെ റിമാൻഡ് ചെയ്യുകയും കാക്കനാട് ജയിലിലേക്ക് മാറ്റുകയും ചെയ്യും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം കാരണം ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിനെതിരായ പ്രധാന കേസ്. എന്നാൽ, തന്നെ കേസിൽ കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.











