നടി ആക്രമിക്കപ്പെട്ട കേസ് വിധി: ദിലീപിനെ വെറുതെ വിട്ടതിൽ പ്രതിഷേധം; സിനിമ-രാഷ്ട്രീയ രംഗത്ത് ഭിന്നാഭിപ്രായം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. വിധി നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചവരും, ദിലീപിന്റെ നിരപരാധിത്വത്തിൽ സന്തോഷം പ്രകടിപ്പിച്ചവരും ഉണ്ട്.

അതിജീവിത നീതി നിഷേധത്തിന്റെ ആഘാതത്തിലാണെന്നും അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നും നടി റിമ കല്ലിങ്കൽ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. “ഇതെന്ത് നീതി?” എന്നാണ് നടി പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇനി “ശ്രദ്ധാപൂർവം തയ്യാറാക്കിയ ക്രൂരമായ ഒരു തിരക്കഥ ചുരുളഴിയുന്നത് കാണാം” എന്നും പാർവതി കൂട്ടിച്ചേർത്തു.

നേരത്തെ എഴുതിവച്ച വിധിയെന്നാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ. അജിത, ദിലീപ് ജയിലിൽ കിടന്നതുതന്നെ വലിയ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി. രാജീവ് അറിയിച്ചു. വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പി. രാജീവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അപ്പീൽ പോകുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദിലീപിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നുമാണ് താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്.

വിധിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ചേരുകയാണ്. പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ പങ്കെടുക്കുന്ന യോഗം, വിധിയുമായി ബന്ധപ്പെട്ട് ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും.