
തൃശ്ശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിധിയിൽ രൂക്ഷമായി പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയുടെ വീട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, വിധി നീതി നിഷേധമാണെന്ന് അവർ തുറന്നടിച്ചത്. കേസിൽ തനിക്ക് ഒട്ടും ഞെട്ടലില്ലെന്നും, ഇത് മുൻപേ എഴുതിവെച്ച വിധിയാണെന്ന് താൻ നാല് വർഷം മുൻപ് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ: “വളരെ നേരത്തെ എഴുതിവച്ച വിധിയാണിത്. നാല് വർഷം മുൻപ് ഞാൻ പറഞ്ഞത് തന്നെയാണ്. ഇതിനപ്പുറം ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല. ആരൊക്കെ എന്തു പറഞ്ഞാലും ദിലീപ് നിഷ്കളങ്കനാണെന്ന് ഞങ്ങൾ വിശ്വസിക്കില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു വിധി വന്നു എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.”
കേസിന്റെ വിചാരണ വേളയിൽ അതിജീവിത നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും ഭാഗ്യലക്ഷ്മി വികാരധീനയായി സംസാരിച്ചു. “തെരുവിൽ അവൾ അനുഭവിച്ചതിനേക്കാൾ ഇരട്ടി പീഡനമാണ് കോടതിമുറിക്കുള്ളിൽ അവൾ നേരിട്ടത്. ഒൻപത് ദിവസം അവളെ ചോദ്യം ചെയ്ത് മാനസികമായി തളർത്തി. ഒരു അതിജീവിതയോട് കാണിക്കേണ്ട സഹാനുഭൂതി പോലും ആരും കാണിച്ചില്ല. എങ്കിലും മരണം വരെ ഞങ്ങൾ അവൾക്കൊപ്പം ഉണ്ടാകും.”
അതിജീവിതയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതായും, വിധിക്ക് എതിരെ അപ്പീൽ നൽകുന്നതടക്കം ഇനി എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ അതിജീവിത തന്നെ തീരുമാനമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.











