‘അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്’; നടി ആക്രമിക്കപ്പെട്ട കേസ് വിധിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടൻ ലാൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന പശ്ചാത്തലത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടനും സംവിധായകനുമായ ലാൽ. സംഭവം നടന്ന ദിവസം രാത്രിയിൽ തൻ്റെ വീട്ടിൽ അഭയം തേടിയ നടിയുടെ ദുരവസ്ഥ കണ്ടപ്പോൾ, കുറ്റവാളികളെ കൊന്നു കളയാനാണ് തനിക്ക് തോന്നിയതെന്ന് ലാൽ പറഞ്ഞു.

പ്രതികൾക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ ലഭിക്കണം എന്ന് പ്രാർഥിച്ചിരുന്നതായും, കോടതി വിധിയിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ മറ്റ് ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് ലാലിൻ്റെ ഈ പ്രതികരണം.

ബെഹ്‌റയെ വിളിച്ചത് പി.ടി. തോമസല്ല, ഞാൻ:

നടിയെ ആക്രമിച്ച വിവരം അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയെ ഫോൺ വിളിച്ച് അറിയിച്ചത് താനാണെന്നും, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ. അല്ല എന്നും ലാൽ തുറന്നു പറഞ്ഞു.

കൂടാതെ, കേസിൻ്റെ തുടക്കത്തിൽ നിർണായക വഴിത്തിരിവായ ഡ്രൈവർ മാർട്ടിനെ സംശയം തോന്നിയതും തനിക്കാണെന്ന് ലാൽ വെളിപ്പെടുത്തി. “മാർട്ടിനെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടപ്പോൾ, എനിക്ക് അവനെ സംശയമുണ്ട്, അവന്റേത് അഭിനയം ആണെന്ന് തോന്നി” എന്ന് താനാണ് പോലീസിനോട് പറഞ്ഞതെന്നും, അതിൽ നിന്നാണ് അന്വേഷണം വഴിതിരിഞ്ഞതെന്നും ലാൽ കൂട്ടിച്ചേർത്തു.

ഗൂഢാലോചന കേസിനെക്കുറിച്ച് തനിക്ക് പൂർണ്ണമായി അറിവില്ലാത്തതിനാൽ അഭിപ്രായം പറയുന്നില്ലെന്നും, എന്നാൽ കേസിൻ്റെ തുടക്കം മുതൽ കോടതിയെയും പ്രോസിക്യൂഷനെയും സഹായിക്കാൻ താൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ലാൽ വ്യക്തമാക്കി. ആവശ്യം വന്നാൽ സുപ്രീം കോടതിയിൽ വരെ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.