
നടിയെ ആക്രമിച്ച കേസിലെ വിധി സംബന്ധിച്ച് തൻ്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ രൺജി പണിക്കർ. ഈ കേസിൽ കോടതിയുടെ തീരുമാനമാണ് ശരിയെന്ന് വിശ്വസിക്കുന്നതായും, മേൽക്കോടതിയുടെ വിധി വന്നാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രൺജി പണിക്കർ ദിലീപിൻ്റെ നിലപാടിന് പിന്തുണയർപ്പിച്ചത്. “ഏത് കേസിലായാലും വിധി പ്രതീക്ഷിച്ചതുപോലെ വരാത്തവർക്ക് പ്രതിഷേധവും വിമർശനങ്ങളുമുണ്ടാകും. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് അയാൾ പറയുമ്പോൾ, കോടതിയിൽ അത് തെളിയിക്കപ്പെട്ടില്ല എന്നാണ് വിധി. കോടതിയുടെ നിലപാടിലാണ് എനിക്ക് വിശ്വാസം,” രൺജി പണിക്കർ വ്യക്തമാക്കി.
‘വേട്ടയാടപ്പെട്ടു എന്ന വികാരം തെറ്റല്ല’
ദിലീപിൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ചോദ്യരൂപേണ ഉന്നയിച്ചു. “ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. കോടതി കുറ്റവാളിയല്ല എന്ന് പറയുമ്പോൾ, കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം അയാൾക്ക് ഉണ്ടായതിൽ എന്താണ് തെറ്റ്?” രൺജി പണിക്കർ ചോദിച്ചു.
കൂടാതെ, തനിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരടക്കം കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ അത് പരിശോധിക്കേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ താൻ ഒരു കാഴ്ചക്കാരൻ മാത്രമാണെന്നും, ഏതെങ്കിലും ഒരു പക്ഷത്ത് നിലകൊള്ളുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേസിലെ പ്രധാന പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.











