പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകൻ ചെന്നൈയിൽ പിടിയിൽ

തൃശ്ശൂർ: വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ വെച്ച് പോലീസ് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് അറസ്റ്റിലായത്.

വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ മാസം പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.

ആദ്യം രണ്ട് വിദ്യാർത്ഥികളുടെ മൊഴിയുടെയും പിന്നീട് മൂന്ന് വിദ്യാർത്ഥികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കനകകുമാറിനെതിരെ അഞ്ച് പോക്സോ കേസുകളാണ് ചെറുതുരുത്തി പോലീസ് രജിസ്റ്റർ ചെയ്തത്. കേസ് വന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതി ഉയർന്ന സാഹചര്യത്തിൽ കനകകുമാറിനെ കലാമണ്ഡലത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.