
തിരുവനന്തപുരം: നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ‘ഫെഫ്ക’യിൽ നിന്ന് രാജിവെച്ചു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തിൽ സിനിമാ സംഘടനകൾ എടുക്കുന്ന നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള കീഴ്‌ക്കോടതി വിധി സംഘടനകൾ അന്തിമവിധിയായി കാണുന്നു എന്ന് വിമർശിച്ച ഭാഗ്യലക്ഷ്മി, ഇനി ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്നും വ്യക്തമാക്കി. ദിലീപ് നിരപരാധിയാണെന്ന് സുപ്രീം കോടതി പറയണം. നിലവിൽ കീഴ്‌ക്കോടതി മാത്രമാണ് വിധി പറഞ്ഞത്. ഈ വിഷയത്തിൽ അതിജീവിതയോട് സംസാരിക്കാൻ പോലും ഫെഫ്ക തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
ദിലീപ് അപേക്ഷ നൽകിയാൽ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ സാങ്കേതികമായും ധാർമ്മികമായും ഗുരുതരമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്.
സംഘടനയുടെ ബൈലോയുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. “ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാളെ പുറത്താക്കുകയും, പിന്നീട് കോടതി വെറുതെ വിട്ടു എന്ന പേരിൽ ഉടൻ തന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നത് ബൈലോയ്ക്ക് വിരുദ്ധമാണ്,” ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതി വിധി വന്ന സമയത്ത് അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്നതായും, അവർ കടന്നുപോയ വേദനകൾ താൻ ഇത്രയും വർഷം കൂടെ നിന്ന് കണ്ട വ്യക്തിയാണെന്നും അവർ വികാരപരമായി പ്രതികരിച്ചു.











