കോടതി വിധി അംഗീകരിക്കുന്നു; ദിലീപിനെ വിമർശിച്ചതിൽ പരസ്യമായി മാപ്പു ചോദിച്ച് ആലപ്പി അഷ്‌റഫ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ ഗൂഢാലോചനാ കുറ്റത്തിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തൻ്റെ മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. മുൻപ് ചാനൽ ചർച്ചകളിലൂടെ ദിലീപിനെ രൂക്ഷമായി വിമർശിച്ചതിന് അദ്ദേഹം പരസ്യമായും നിരുപാധികമായും മാപ്പ് ചോദിച്ചു.

പ്രോസിക്യൂഷന് വീഴ്ച പറ്റി: ആലപ്പി അഷ്‌റഫ്

കേസിൻ്റെ വിധി വന്നതിനോട് പ്രതികരിച്ചുകൊണ്ട് തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്‌റഫ്. അതിജീവിത അനുഭവിച്ച ദുരിതം ഒരു യാഥാർത്ഥ്യമാണെങ്കിലും, ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിക്കാതെ പോയത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുൻപ് ദിലീപിൻ്റെ ചില പ്രവൃത്തികളെക്കുറിച്ചുള്ള സൂചനകളും, പോലീസ് ഉദ്യോഗസ്ഥരായ ബൈജു പൗലോസിനെപ്പോലുള്ളവരുടെ വാദങ്ങളും, ഹൈക്കോടതിയുടെ മുൻ നിരീക്ഷണങ്ങളുമാണ് ദിലീപിനെ സംശയിക്കാൻ തനിക്ക് പ്രേരണയായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് താൻ ചാനൽ ചർച്ചകളിൽ അദ്ദേഹത്തിനെതിരെ സംസാരിച്ചതെന്നും, 85 ദിവസം ദിലീപ് റിമാൻഡിൽ കഴിയേണ്ടി വന്നത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

“ഹൃദയത്തിൽ നിന്നുള്ള മാപ്പ്”

“ഒരു ചാനൽ ചർച്ചയിൽ വെച്ച് ഞാൻ പറഞ്ഞിരുന്നു; ദിലീപിനെ വെറുതെ വിട്ടാൽ ഞാൻ നിരുപാധികം മാപ്പ് പറയുമെന്ന്. ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എൻ്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. ഇത് എൻ്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ സംഭവിക്കാം,” ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

കോടതി വിധി നീതിപൂർവ്വമാണെന്ന് വിശ്വസിക്കുന്നുവെന്നും, എന്നാൽ ദിലീപിന് നേരിടേണ്ടി വന്ന അപമാനത്തിനും കരിയർ തകർച്ചയ്ക്കും ആരാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം ചോദ്യമുയർത്തി. ഇനി അപ്പീൽ പോയാലും ഇപ്പോൾ ഹാജരാക്കിയ തെളിവുകൾ വെച്ച് മുന്നോട്ട് പോയാൽ സ്ഥിതി ദയനീയമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.