
രജനികാന്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ‘പടയപ്പ’. 1999-ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ രജനിയുടെ കഥാപാത്രത്തിന് പുറമെ, രമ്യാ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പടയപ്പ’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രം ഡിസംബർ 12 മുതൽ റീ-റിലീസായും തിയേറ്ററുകളിലെത്തുകയാണ്.
ഇപ്പോഴിതാ, ‘പടയപ്പ’ റീ-റിലീസുമായി ബന്ധപ്പെട്ട് നൽകിയ വീഡിയോ അഭിമുഖത്തിൽ, രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന പവർഫുൾ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രജനികാന്ത്.
“സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസ്സിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ തിരക്കിലായിരുന്നതിനാൽ ഞങ്ങൾ അവരെ സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യയുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല,” രജനികാന്ത് പറഞ്ഞു.
“ഇപ്പോൾ തിരക്കാണെന്നും പിന്നീട് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷം വരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അവർക്ക് ഈ കഥാപാത്രത്തോട് താൽപര്യമില്ലെന്ന് പിന്നീട് അറിയുകയായിരുന്നു. അതിനുശേഷമാണ് വേറെയാരെ സമീപിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയും നീലാംബരി വേഷത്തിനായി പരിഗണിച്ചിരുന്നതായി രജനികാന്ത് വെളിപ്പെടുത്തി. “പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവികുമാർ ആണ് രമ്യാ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ആദ്യം എനിക്ക് രമ്യയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ആ കഥാപാത്രത്തെപ്പോലെ ഡാൻസും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യക്ക് ചെയ്യാൻ സാധിക്കുമെന്ന് സംവിധായകൻ ഉറപ്പിച്ചു. അങ്ങനെയാണ് നീലാംബരി എന്ന കഥാപാത്രം രമ്യാ കൃഷ്ണനിലേക്ക് എത്തിയത്,” രജനികാന്ത് ഓർമ്മിച്ചു.
രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ‘പടയപ്പ’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999-ൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.











