മലയാറ്റൂർ കൊലപാതകം: 19-കാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്; പ്രതി കുറ്റം സമ്മതിച്ചു

എറണാകുളം മലയാറ്റൂരിൽ 19 വയസ്സുകാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെ തുടർന്നാണ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപാതകം നടത്തിയതെന്നാണ് പ്രതിയായ അലൻ പോലീസിന് നൽകിയ മൊഴി.

ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയക്ക് അവിടെ മറ്റൊരു ആൺസുഹൃത്ത് ഉണ്ടായിരുന്നതായി അലൻ സംശയിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങൾ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ പോലീസിനോട് പറഞ്ഞു.

കൊലപാതകം മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും പോലീസ് അറിയിച്ചു.

മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിനരികിൽ നിന്നാണ് ഇന്നലെ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ പോലീസ് അലനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് ഇയാളെ വിട്ടയച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് 21 വയസ്സുകാരനായ അലനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തതും തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചതും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കാലടിയിലെ വെൽഡിങ് തൊഴിലാളിയായ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.