പ്രാദേശിക സിനിമകൾ അന്താരാഷ്ട്ര തലം കീഴടക്കുന്നു: ദേശീയ സാംസ്കാരിക അടയാളങ്ങൾ മധുരയിൽ നിന്നും മലപ്പുറത്ത് നിന്നും – കമൽ ഹാസൻ

ചെന്നൈ: പ്രാദേശിക ഭാഷാ സിനിമകളാണ് ഇപ്പോൾ രാജ്യത്തിന്റെ സാംസ്കാരിക അടയാളങ്ങൾ നിർവചിക്കുന്നതെന്നും, അവ ഭാഷാ അതിർവരമ്പുകൾ ഭേദിച്ച് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുന്നുണ്ടെന്നും നടനും സംവിധായകനുമായ കമൽ ഹാസൻ അഭിപ്രായപ്പെട്ടു. ചെന്നൈയിൽ വെച്ച് നടന്ന ഒരു സിനിമാ സംബന്ധിയായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യഥാർത്ഥത്തിൽ റീജിയണൽ സിനിമകളാണ് ഇപ്പോൾ ഇന്റർനാഷണലുകളായി മാറുന്നത്. മധുര, മലപ്പുറം, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മച്ചിലിപട്ടണത്തിൽ നിന്നും വരുന്ന സിനിമകളാണ് ഇന്ത്യയുടെ ദേശീയ സാംസ്കാരിക അടയാളങ്ങൾ,” കമൽ ഹാസൻ പറഞ്ഞു.

ഭാഷയുടെ അതിർത്തികളെ തകർത്തെറിഞ്ഞ് പ്രാദേശിക ചിത്രങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് ഉദാഹരണമായി ‘കാന്താര’ പോലുള്ള ദക്ഷിണ കർണാടകയുടെ വേരുകളിലുള്ള സിനിമകൾ രാജ്യം മുഴുവൻ ആസ്വദിക്കപ്പെട്ടതും, ‘ദൃശ്യം’ പോലുള്ള മലയാളത്തിലെ ത്രില്ലറുകൾ അനായാസം ഭാഷകളുടെ അതിർത്തി കടന്നതും, ‘പുഷ്പ’, ‘ബാഹുബലി’ തുടങ്ങിയ തെലുങ്ക് സിനിമകളിലെ സംഭാഷണങ്ങൾ നിത്യജീവിതത്തിൽ പോലും ഉപയോഗിക്കപ്പെടുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ സിനിമയുടെ പരിണാമത്തെയും പ്രാദേശിക സിനിമകളുടെ ആഗോള സ്വീകാര്യതയേയും കുറിച്ചാണ് കമൽ ഹാസൻ പ്രധാനമായും സംസാരിച്ചത്. സിനിമ മേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണി രത്നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ ആയിരുന്നു കമൽ ഹാസന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.