
കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജനായ 25-കാരൻ അറസ്റ്റിലായി. വൈഭവ് എന്ന യുവാവാണ് പീൽ റീജിയണൽ പോലീസിന്റെ (പി.ആർ.പി.) പിടിയിലായത്.
ഒന്നിലധികം ക്ലിനിക്കുകളിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ യുവാവ് നഗ്നതാപ്രദർശനം നടത്തിയതായി പീൽ റീജിയണൽ പോലീസ് സ്ഥിരീകരിച്ചു. വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നടിച്ചാണ് ഇയാൾ പല ക്ലിനിക്കുകളിലും പ്രവേശിച്ചത്. ഈ വർഷം വിവിധ മാസങ്ങളിലായി പല സ്ഥാപനങ്ങളിൽ യുവാവ് സന്ദർശനം നടത്തിയതായും പോലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയാണ് (സി.ഐ.ബി.) വൈഭവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചില ക്ലിനിക്കുകളിൽ വൈഭവ് വ്യാജ പേരുകളിലാണ് എത്തിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആകാശ്ദീപ് സിങ് എന്ന പേരിലാണ് ഇയാൾ ചില ആരോഗ്യ സ്ഥാപനങ്ങളിൽ പോയത്. ഡിസംബർ 4-നാണ് യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ജാമ്യാപേക്ഷയിൽ വാദം നടക്കാത്തതിനാൽ ഇയാൾ കസ്റ്റഡിയിലാണ്.
പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ പരാതിപ്പെടാതിരുന്ന നിരവധി സംഭവങ്ങൾ വേറെയുമുണ്ടായിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.
പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 12 ഡിവിഷൻ സി.ഐ.ബിയുമായി 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.











