നടി ആക്രമിക്കപ്പെട്ട കേസ്: ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

കേരളത്തെ ഞെട്ടിച്ച യുവനടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പ്രഖ്യാപിക്കും. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ: പൾസർ സുനി (ഒന്നാം പ്രതി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലീം), പ്രദീപ് എന്നിവരാണ്.

പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിട്ടു കേസിലെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൻ്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിച്ച എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനൊപ്പം ചാർളി തോമസ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.