നടിയെ ആക്രമിച്ച കേസ്: നിർണായകമായ ശിക്ഷാ വിധി ഉടൻ; ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: സിനിമാ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായ ശിക്ഷാവിധി പ്രഖ്യാപനം ഉടൻ ഉണ്ടാകും. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളുടെയും അന്തിമവാദം കേട്ട ശേഷമാകും കോടതി ശിക്ഷ വിധിക്കുക.

ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കും ജീവപര്യന്തം തടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഏഴര വർഷമായി തടവ് അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിക്കുക.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുന്നത്. പൾസർ സുനി (ഒന്നാം പ്രതി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുക.

കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പെടെ 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കെതിരെയും തെളിഞ്ഞത്. ഈ കുറ്റങ്ങൾക്ക് 20 വർഷം വരെ കഠിനതടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്. ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേൾക്കും.

പ്രതികൾക്ക് കുറഞ്ഞത് 20 വർഷമെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിധിന്യായം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.