
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി നടി സരയു. വിധിയിൽ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും അതിജീവിതയ്ക്കൊപ്പമാണെന്നും അമ്മ സംഘടനയുടെ അംഗം കൂടിയായ സരയു വ്യക്തമാക്കി. മുപ്പതാമത് ഐഎഫ്എഫ്കെ (IFFK) വേദിയിൽ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവർ.
“കോടതി വിധിയെ ഞാൻ മാനിക്കുന്നു. ഇവിടുത്തെ ജുഡീഷ്യൽ സംവിധാനത്തെയും മാനിക്കുന്നു. ഇത് ഏറ്റവും ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ എല്ലാവരും അവൾക്കൊപ്പം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിധിയിൽ സന്തോഷിക്കുന്നത്. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ഉചിതമായ വിധി തന്നെയാണ് വന്നതെന്ന് കരുതുന്നു,” സരയു പറഞ്ഞു.
കഴിഞ്ഞ ആറേഴ് വർഷമായി താൻ ഐഎഫ്എഫ്കെയുടെ ഭാഗമാകാറുണ്ടെന്നും സരയു കൂട്ടിച്ചേർത്തു. “ഇത്തവണയും വളരെയധികം ജനപങ്കാളിത്തത്തോടെ ഏറ്റവും ഗംഭീരമായി തന്നെ മേള നടക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഏറ്റവും മികച്ച സിനിമകൾ പലപ്പോഴും കാണുന്നത് ഐഎഫ്എഫ്കെയുടെ സഹായത്തോട് കൂടിയാണെന്ന് തോന്നിയിട്ടുണ്ട്. അക്കാര്യത്തിൽ ഐഎഫ്എഫ്കെയ്ക്ക് വലിയ പങ്കുണ്ട്. നമ്മുടെ ഭാഷയിൽ തന്നെ നമ്മൾ വിട്ടുപോകുന്ന പല മികച്ച സിനിമകളും മേളയിൽ കാണാൻ സാധിച്ചിട്ടുണ്ട്,” സരയു അഭിപ്രായപ്പെട്ടു. രാജേഷ് മാധവൻ്റെ ‘പെണ്ണും പൊറാട്ടും’ പോലുള്ള സിനിമകൾ കാണാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
“മലബാറിൽ നിന്നുള്ള ഒരു സൗഹൃദക്കൂട്ടായ്മയുണ്ട് എനിക്ക്. ഐഎഫ്എഫ്കെയിലാണ് നമ്മൾ എല്ലാ വർഷവും കണ്ടുമുട്ടാറുള്ളത്. ആ സൗഹൃദം അങ്ങനെ തന്നെ കൊണ്ടുപോകാനും ഇത്തരം വേദികൾ തരുന്ന അന്തരീക്ഷം സഹായിക്കുന്നു,” എന്നും സരയു കൂട്ടിച്ചേർത്തു.
ഇന്ന് 30-ാമത് ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമാണ്. 72 സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.











