നടി ആക്രമിക്കപ്പെട്ട കേസ് വിധി: ‘കുറ്റവാളികൾക്ക് കുറഞ്ഞ ശിക്ഷ, പരമാവധി പരിഗണന; സ്ത്രീകൾക്ക് ഈ നാട്ടിൽ സ്ഥാനമില്ല’ – പാർവതി തിരുവോത്ത്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി നടി പാർവതി തിരുവോത്ത്. കേസിലെ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച 20 വർഷം തടവ് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും, എന്നാൽ പ്രതികൾക്ക് കോടതിയിൽ നിന്ന് ലഭിച്ചത് പരമാവധി പരിഗണനയാണെന്നും പാർവതി തുറന്നടിച്ചു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിധിയിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി അതിശക്തമായ വിമർശനം ഉന്നയിച്ചത്.

“മിനിമം തടവും ക്രിമിനലുകൾക്ക് മാക്‌സിമം പരിഗണനയും,” എന്നായിരുന്നു പാർവതിയുടെ പ്രധാന പ്രതികരണം. അതിജീവിതയ്ക്ക് നീതി ലഭിക്കാതെ പോയെന്ന പൊതുവികാരം ശക്തമാകുന്നതിനിടെയാണ് വിധിയിലെ ദയ കാണിച്ച നടപടികളെ നടി ചോദ്യം ചെയ്തത്.

ശിക്ഷാ ഇളവിനായി ഒന്നാം പ്രതി പൾസർ സുനി തൻ്റെ വാർധക്യസഹജമായ അമ്മയെ സഹായിക്കാൻ താനേ ഉള്ളൂ എന്ന് കോടതിയിൽ ഉന്നയിച്ച വാദത്തെ പാർവതി പരിഹസിച്ചു. “ഓ! ശരി, അമ്മയുടെ ഏക ആശ്രയം അയാളല്ലേ, ദയ കാണിക്കണമല്ലോ!” എന്ന് നടി sarcastic-മായി കുറിച്ചു. മറ്റ് പ്രതികളായ മണികണ്ഠൻ ഭാര്യയെയും കുട്ടികളെയും ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന വാദങ്ങൾ ഉന്നയിച്ചതിനെയും, നാലാം പ്രതി വീടിനടുത്തുള്ള ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചതിനെയും അവർ നിശിതമായി വിമർശിച്ചു. കുറ്റകൃത്യത്തിന് ശേഷം കുറ്റവാളികളുടെ സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന രീതിയിലായിരുന്നു നടിയുടെ പ്രതികരണം.

നീതിവ്യവസ്ഥയിൽ അതിജീവിതമാർക്കുള്ള വിശ്വാസം തകർക്കുന്നതാണ് ഈ വിധിയെന്ന് പാർവതി അഭിപ്രായപ്പെട്ടു. “ഈ സിസ്റ്റം നിങ്ങളെ രക്ഷിക്കില്ല. ഇത് പരാജയപ്പെട്ട നീതിയാണ്. സ്ത്രീകൾ ജാഗ്രത പാലിക്കുക. നിശ്ശബ്ദരായിരിക്കുന്നവരെയും ഈ വിധി ആഘോഷിക്കുന്നവരെയും നിങ്ങൾ സൂക്ഷിക്കണം. എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന ധൈര്യം അവർക്ക് ലഭിച്ചിട്ടുണ്ട്,” അവർ മുന്നറിയിപ്പ് നൽകി.

പാർവതിയുടെ ശക്തമായ വാക്കുകൾ വിധിയിൽ നിരാശരായ നിരവധി പേരുടെ ആശങ്കകൾക്ക് ശബ്ദം നൽകുന്നതായി. അതിജീവിതയുടെ ദുരിതത്തേക്കാൾ വലുതായി പ്രതികളുടെ വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചതിലുള്ള വ്യാപകമായ പ്രതിഷേധമാണ് നടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.