സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ഇറാൻ വീണ്ടും അറസ്റ്റ് ചെയ്തു

ടെഹ്റാൻ: സമാധാന നൊബേൽ പുരസ്‌കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയെ ഇറാൻ വീണ്ടും അറസ്റ്റ് ചെയ്തു. സഹപ്രവർത്തകരായ മറ്റ് ആക്ടിവിസ്റ്റുകളെയും സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്. ഇറാനിലെ കിഴക്കൻ നഗരമായ മഷാദിൽ വെച്ച് അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നർഗീസ് മുഹമ്മദി അറസ്റ്റിലായത്.

ഈ നടപടിയെ സമാധാനത്തിനുള്ള നൊബേൽ സമിതി ശക്തമായി അപലപിച്ചു. ഉപാധികളില്ലാതെ നർഗീസ് മുഹമ്മദിയെ ഉടൻ മോചിപ്പിക്കണമെന്ന് സമിതി ഇറാനോട് ആവശ്യപ്പെട്ടു.

2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന 53കാരിയായ നർഗീസ് മുഹമ്മദിക്ക് 2024 ഡിസംബറിലാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് താൽക്കാലിക ജയിൽ മോചനം അനുവദിച്ചത്. എന്നാൽ, കഴിഞ്ഞയാഴ്ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഖോസ്രോ അലികൊർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സുരക്ഷാ സേന ഇവരെ അറസ്റ്റ് ചെയ്തത്. നർഗീസിന്റെ സഹോദരൻ മെഹ്ദി അറസ്റ്റ് വിവരം സ്ഥിരീകരിച്ചു.

അലികൊർദിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. എന്നാൽ, ഇത് സർക്കാർ നടത്തിയ കൊലപാതകമാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അനുസ്മരണത്തിൽ പങ്കെടുത്ത മറ്റ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾക്കുമെതിരെ നടത്തിയ പോരാട്ടങ്ങൾക്കാണ് നർഗീസ് മുഹമ്മദിക്ക് 2023-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഇതുവരെ 13 തവണയാണ് ഇറാൻ ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 36 വർഷത്തെ തടവ് ശിക്ഷയും 154 ചാട്ടവാറടിയുമാണ് നർഗീസ് മുഹമ്മദിക്ക് ഇതുവരെയായി ഇറാൻ വിധിച്ചിട്ടുള്ളതെന്നാണ് അവരുടെ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.