19 സിനിമകൾക്ക് വിലക്ക്; രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനങ്ങൾ മുടങ്ങി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള കടുത്ത പ്രതിസന്ധിയിലായി. 19 സിനിമകൾ പ്രദർശനത്തിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രദർശിപ്പിക്കാനിരുന്ന നാല് സിനിമകൾ റദ്ദാക്കി.

ഇന്ന് ‘Clash’, ‘Un Concealed Poetry’, ‘Inside the Wolf’, ‘Eagle of the Republic’ എന്നീ ചിത്രങ്ങളുടെ പ്രദർശനം ഒഴിവാക്കിയതായി കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു. വിവിധ തിയറ്ററുകളിൽ രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ നടക്കേണ്ടിയിരുന്ന സ്ക്രീനിംഗുകളാണ് റദ്ദാക്കപ്പെട്ടത്. സാഹചര്യം തുടരുകയാണെങ്കിൽ ഇന്ന് കൂടുതൽ സിനിമകളുടെ പ്രദർശനം മുടങ്ങാൻ സാധ്യതയുണ്ടെന്നും അക്കാദമി മുന്നറിയിപ്പ് നൽകി. ഇന്നലെ മാത്രം ഒമ്പത് സിനിമകളുടെ പ്രദർശനമാണ് തടസ്സപ്പെട്ടത്.

ഇതുവരെ 19 സിനിമകൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. പലസ്തീൻ വിഷയത്തെ ആസ്പദമാക്കിയ ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന സിനിമകൾക്കുമാണ് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് വിവരം. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സംവിധായകൻ കമൽ എന്നിവർ രംഗത്തെത്തി.