
എ ഫ്യൂ ഗുഡ്‌മെൻ, വെൻ ഹാരി മീറ്റ് സാലി, ഫ്ലിപ്പ്ഡ് തുടങ്ങിയ ക്ലാസിക് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ റോബ് റെയ്‌നറിനെയും ഭാര്യ മിഷേൽ റെയ്‌നറിനെയും മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലെ സ്വന്തം വസതിയിലായിരുന്നു 78 വയസ്സുള്ള നടനും സാമൂഹിക പ്രവർത്തകനുമായ റോബ് റെയ്‌നറിന്റെയും മിഷേൽ റെയ്‌നറിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവം കൊലപാതകമാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളിൽ കുത്തേറ്റ പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റെയ്‌നർ കുടുംബത്തിലെ ഒരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
റോബ്ബ് റെയ്‌നറിന്റെ രണ്ടാമത്തെ മകൻ നിക്കിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യുന്നതെന്നും, നിക്ക് ദീർഘകാലമായി മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
മേൽപ്പറഞ്ഞ ചിത്രങ്ങൾക്കുപുറമെ മിസറി, സ്റ്റാൻഡ് ബൈ മീ, ദി ബക്കറ്റ് ലിസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും റോബ് റെയ്‌നറിന്റെ സംവിധാനത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രശംസ നേടിയിരുന്നു. വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. ഒരേയൊരു ശൈലിയിൽ ഒതുങ്ങിപ്പോകാതെ, സ്റ്റീരിയോടൈപ്പ് ഒഴിവാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.











