ദിലീപിന്റെ ‘ഭ.ഭ.ബ’ ഡിസംബർ 18ന് തിയറ്ററുകളിൽ; ബുക്കിംഗ് ആരംഭിച്ച് മണിക്കൂറിനകം ട്രെൻഡിംഗിൽ

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ഭ.ഭ.ബ ഡിസംബർ 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലിടം നേടിയിട്ടുണ്ട്.

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹൻലാൽ അതിഥി വേഷത്തിലൂടെയും ചിത്രത്തിൽ പ്രത്യക്ഷപ്പെടും.

കോമഡി ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ഭ.ഭ.ബയ്ക്ക് U/A 13+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ട്രെയിലർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ആഘോഷമാകുന്ന അനുഭവമാണ് ചിത്രം നൽകുകയെന്ന സൂചനയാണ് ട്രെയിലർ നൽകിയത്. പിന്നാലെ പുറത്തിറങ്ങിയ ഗാനവും ശ്രദ്ധ നേടുകയായിരുന്നു.

“വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം, ഭക്തി, ബഹുമാനം എന്നതിന്റെ ചുരുക്കരൂപമാണ് ഭ.ഭ.ബ. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, കോറിയോഗ്രാഫർ സാന്റി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണ പങ്കാളി. സംഗീതം ഷാൻ റഹ്മാനും പശ്ചാത്തല സംഗീതം ഗോപി സുന്ദറുമാണ് ഒരുക്കുന്നത്.