60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; താനും ഭർത്താവും കുറ്റം ചെയ്‌തിട്ടില്ല, ശിൽപ ഷെട്ടി

സാമ്പത്തിക തട്ടിപ്പ്; താനും ഭർത്താവും കുറ്റം ചെയ്‌തിട്ടില്ല, ശിൽപ ഷെട്ടി

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു.

ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നും അവർ കുറിച്ചു.

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തിയിരുന്നു. പിന്നാലെയാണ് നടിയുടെ പ്രതികരണം. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്.

ശില്പ ഷെട്ടിയും ഭര്‍ത്താവും ഡയറക്ടര്‍മാരായ ഹോം ഷോപ്പിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 60 കോടി രൂപ നിക്ഷേപമായും വായ്പയായും വാങ്ങി വകമാറ്റി ചെലവഴിച്ച് പിന്നീട് തരാതെ വഞ്ചിച്ചുവെന്നായിരുന്നു ദിലീപ് കോത്താരിയുടെ പരാതി.

എഫ്‌ഐആറിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരം വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിനിടെ ശേഖരിച്ച പുതിയ തെളിവുകളെ തുടർന്നാണിത്. ആഗസ്റ്റിൽ, ഇ.ഒ.ഡബ്ല്യൂ. ശിൽപയ്ക്കും കുന്ദ്രയ്ക്കുമെതിരെ ഐ.പി.സി 403, 406 വകുപ്പുകൾ പ്രകാരം സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം, ക്രിമിനൽ വിശ്വാസ വഞ്ചന എന്നിവയ്ക്ക് കേസെടുത്തു.