“ആ സ്നേഹച്ചുംബനങ്ങൾ ഇനി ഓർമ്മകളിൽ”; ശ്രീനിയുടെ വേർപാടിൽ വികാരാധീനനായി മോഹൻലാൽ

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ ജോഡികളായ ദാസനും വിജയനും ഇനി ഓർമ്മകളിൽ മാത്രം. പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് നടൻ മോഹൻലാൽ പ്രതികരിച്ചത്. തങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം അവസാനിച്ചിരുന്നത് ഒരു സ്നേഹചുംബനത്തിലോ കെട്ടിപ്പിടുത്തത്തിലോ ആയിരുന്നുവെന്ന് മോഹൻലാൽ ഓർത്തെടുത്തു.

“ശ്രീനിയുമായുള്ള ബന്ധം വെറുമൊരു സഹപ്രവർത്തകർ തമ്മിലുള്ളതല്ല, അതൊരു വൈകാരിക ബന്ധമാണ്. ഞാനും പ്രിയനും സത്യേട്ടനും ശ്രീനിയും പതിറ്റാണ്ടുകളോളം ഒരുമിച്ച് സഞ്ചരിച്ചവരാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തനാകാൻ സമയമെടുക്കും,” മോഹൻലാൽ പറഞ്ഞു. ചാർലി ചാപ്ലിനെപ്പോലെ തമാശകൾക്കിടയിൽ വലിയ ഗൗരവമുള്ള കാര്യങ്ങൾ ഒളിപ്പിച്ചുവെക്കാൻ കഴിഞ്ഞിരുന്ന വലിയ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴവിൽ മനോരമയുടെ ഒരു വേദിയിൽ വെച്ച് ശ്രീനിവാസന് നൽകിയ ചുംബനത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. “അതൊരു ആസൂത്രിത നീക്കമായിരുന്നില്ല, ഹൃദയത്തിൽ നിന്ന് വന്ന ഒരു റിഫ്ലക്സ് ആയിരുന്നു. അദ്ദേഹത്തോടുള്ള എന്റെ സ്വാതന്ത്ര്യവും സ്നേഹവുമാണ് ആ പ്രവൃത്തിയിലൂടെ പുറത്തുവന്നത്. പുറമെ ഗൗരവക്കാരനായി തോന്നുമെങ്കിലും ഉള്ളിൽ അങ്ങേയറ്റം നിഷ്കളങ്കനായിരുന്നു ശ്രീനിവാസൻ,” ലാൽ ഓർമ്മിച്ചു.

ദശാബ്ദങ്ങളോളം നീണ്ട സൗഹൃദമുള്ളതിനാൽ, മറ്റാരെക്കാളും കൂടുതൽ ഈ വിയോഗത്തിൽ ദുഃഖിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്നതായും മോഹൻലാൽ പറഞ്ഞു. മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തെ തോളിലേറ്റിയ ആ വലിയ കലാകാരന് കണ്ണീരോടെ പ്രിയ സുഹൃത്ത് വിടചൊല്ലി.