“ശ്രീനി പോയി”; ആ ഒരൊറ്റ വാക്കിൽ അച്ഛൻ ഫോൺ കട്ട് ചെയ്തു; വിങ്ങുന്ന ഓർമ്മകളുമായി അനൂപ് സത്യൻ

മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ അനൂപ് സത്യൻ. തന്റെ പിതാവ് സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുണ്ടായിരുന്ന ആഴമേറിയ സൗഹൃദവും, ശ്രീനിവാസന്റെ അവസാന നാളുകളിൽ താൻ കൂടെച്ചെലവഴിച്ച നിമിഷങ്ങളുമാണ് അനൂപ് പങ്കുവെച്ചത്.

“ശ്രീനി പോയി” എന്ന് മാത്രം പറഞ്ഞ് ഒരു സെക്കൻഡിനുള്ളിൽ അച്ഛൻ ഫോൺ കട്ട് ചെയ്ത ആ നിമിഷത്തെക്കുറിച്ചാണ് അനൂപ് ആദ്യം കുറിച്ചത്. ആ വാക്കുകൾക്കപ്പുറം മറ്റൊന്നും പറയാൻ അച്ഛന് കഴിയുമായിരുന്നില്ലെന്ന് അനൂപ് പറയുന്നു. അടുത്തിടെ ശ്രീനിവാസൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴെല്ലാം അച്ഛന്റെ നിർദ്ദേശപ്രകാരം അനൂപ് അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. ആ കൂടിക്കാഴ്ചകളിലെല്ലാം ശാരീരികമായ അവശതകൾക്കിടയിലും ശ്രീനിവാസൻ തന്റെ സ്വതസിദ്ധമായ തമാശകൾ കൈവിട്ടിരുന്നില്ല.

രണ്ടാഴ്ച മുൻപാണ് അനൂപ് അവസാനമായി അദ്ദേഹത്തെ കണ്ടത്. സാധാരണ സ്നേഹം പ്രകടിപ്പിക്കാൻ അല്പം വിമുഖത കാട്ടാറുള്ള ശ്രീനിയങ്കിൾ, അന്ന് അനൂപിന്റെ കൈകൾ ചേർത്തുപിടിച്ചാണ് സംസാരിച്ചത്. “ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദനയാണ് കഴിഞ്ഞ മൂന്ന് മണിക്കൂറിൽ ഞാൻ അനുഭവിച്ചത്” എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇനി അങ്ങനെയൊരു വേദന അദ്ദേഹത്തിനില്ലല്ലോ എന്നോർക്കുമ്പോഴാണ് ഇപ്പോൾ ആശ്വാസം തോന്നുന്നതെന്ന് അനൂപ് കുറിപ്പിൽ പറയുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്ത് ശ്രീനിയങ്കിൾ ആണെന്നും, തന്റെ ആദ്യ സിനിമ എഴുതാൻ ഇരുന്നപ്പോൾ ഒരു വശത്ത് ശ്രീനിവാസന്റെ തിരക്കഥാ പുസ്തകം തുറന്നുവെച്ചിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു. തന്റെ ജീവിതത്തിലെ ഓരോ പ്രധാന നിമിഷത്തിലും അച്ഛനും ശ്രീനിവാസനും തമ്മിലുള്ള ഒരു കഥയെങ്കിലും ഓർമ്മിക്കാനുണ്ടെന്നും, എന്നാൽ ഇന്ന് അച്ഛന്റെ ആ ഫോൺ കോളിൽ ആ ഓർമ്മകൾക്ക് പകരം വലിയൊരു ശൂന്യത മാത്രമായിരുന്നുവെന്നും അനൂപ് കൂട്ടിച്ചേർത്തു.