കണ്ണുനീരോടെ കേരളം വിട നൽകി; ശ്രീനിവാസന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ ചാണക്യബുദ്ധി ഇനി ജ്വലിക്കുന്ന ഓർമ്മ.

OG About Sreenivasan 

അന്ത്യകർമ്മങ്ങൾക്കിടെ ഹൃദയസ്പർശിയായ ചില നിമിഷങ്ങൾക്കും കണ്ടനാട് സാക്ഷ്യം വഹിച്ചു. ശ്രീനിവാസന്റെ ആത്മസുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്, പരേതന്റെ ഭൗതികദേഹത്തിൽ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു പേനയും “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന് കുറിച്ച കടലാസും സമർപ്പിച്ചു. അക്ഷരങ്ങളിലൂടെ വിപ്ലവം സൃഷ്ടിച്ച സുഹൃത്തിന് നൽകാവുന്ന ഏറ്റവും ഉചിതമായ യാത്രയയപ്പായി ഈ പ്രവർത്തി മാറി.

രാവിലെ മുതൽ തന്നെ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലയിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ കഴിഞ്ഞ ദിവസം തന്നെ എത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. കേരള സർക്കാരിന് വേണ്ടി ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ജനപ്രിയനായ ഒരു കലാകാരന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന ഒരു ജനതയെയാണ് കണ്ടനാട്ടെ വീട്ടുമുറ്റത്ത് കാണാൻ സാധിച്ചത്.