
കൊച്ചി: നാല് പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ മുകേഷ്. ശ്രീനിവാസൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസനെപ്പോലെയുള്ള ഒരു കലാകാരനെക്കുറിച്ച് ഓർക്കുമ്പോൾ ഹൃദയസ്പർശിയായ കാര്യങ്ങൾക്കൊപ്പം തന്നെ നർമ്മം കലർന്ന അനുഭവങ്ങളും ഒഴിവാക്കാനാവില്ലെന്ന് മുകേഷ് പറഞ്ഞു.
പൊൻമുട്ടയിടുന്ന തട്ടാൻ! ‘ആയുഷ്കാലം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ നടന്ന ഒരു രസകരമായ അനുഭവം മുകേഷ് പങ്കുവെച്ചു. ജയറാമിന് വരാൻ കഴിയാഞ്ഞ ഒരു ഉദ്ഘാടന ചടങ്ങിലേക്ക് ശ്രീനിവാസനെ നിർബന്ധിച്ചു കൊണ്ടുപോയ കഥയായിരുന്നു അത്. “ഒരു കോടി രൂപ തന്നാലും ഇത്തരത്തിലുള്ള പരിപാടികൾക്ക് ഞാനില്ല” എന്ന് ആദ്യം പറഞ്ഞ ശ്രീനിവാസൻ, ഒടുവിൽ അവിടെയെത്തി നടത്തിയ പ്രസംഗം മുകേഷ് ഓർത്തെടുത്തു. “ഞാൻ ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന സിനിമയിൽ തട്ടാനായി അഭിനയിച്ചപ്പോൾ സ്വർണ്ണത്തിന്റെ മാറ്റു പരിശോധിക്കാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കടയിലെ സ്വർണ്ണം പരിശോധിച്ച ശേഷമേ ഞാൻ ഉദ്ഘാടനം ചെയ്യൂ എന്ന് പറഞ്ഞിരുന്നു. സുഹൃത്തുക്കളേ, ഞാൻ പരിശോധിച്ചു, ഇത് മികച്ച സ്വർണ്ണമാണ്.” ആ ഒറ്റ പ്രസംഗം കൊണ്ട് അദ്ദേഹം അവിടെ കൂടിയവരെ മുഴുവൻ കയ്യിലെടുത്തു. അതായിരുന്നു ശ്രീനിവാസന്റെ ബ്രില്ല്യൻസ് എന്ന് മുകേഷ് പറഞ്ഞു.
“The genius storyteller who made us laugh and think.”
ബാർബർ ബാലനും മുകേഷും ‘കഥ പറയുമ്പോൾ’ എന്ന ചിത്രം നിർമ്മിക്കുന്ന വേളയിൽ നടന്ന മറ്റൊരു തമാശയും മുകേഷ് അനുസ്മരിച്ചു. “നമ്മൾ രണ്ടുപേരും ഇതിന്റെ നിർമ്മാതാക്കളാണ്. ഇതിൽ ഒട്ടും സൗന്ദര്യമില്ലാത്ത, ദരിദ്രനായ ബാർബർ ബാലന്റെ വേഷം വേണമെങ്കിൽ നിനക്ക് എടുക്കാം” എന്ന് ശ്രീനിവാസൻ പരിഹസിച്ചപ്പോൾ, “എന്നെ ബാർബർ ബാലനായി മാറ്റാൻ മേക്കപ്പിന് ഒരുപാട് പണം ചിലവാകും, അതുകൊണ്ട് ആ റിസ്ക് എടുക്കുന്നില്ല” എന്നാണ് താൻ മറുപടി നൽകിയതെന്ന് മുകേഷ് പറഞ്ഞു.
43 വർഷത്തെ ബന്ധത്തിനിടയിൽ ഒരിക്കൽ പോലും ശ്രീനിവാസൻ തന്നോട് മുഖം ചുളിച്ച് സംസാരിച്ചിട്ടില്ലെന്നും, ജോൺസൺ മാസ്റ്ററുടെ സംഗീതം പോലെ ശ്രീനിവാസന്റെ കഥാപാത്രങ്ങളും കാലാതീതമായി നിലനിൽക്കുമെന്നും മുകേഷ് കൂട്ടിച്ചേർത്തു.











