“ഒരു പേരെ വരലാര്”; ജനനായകനായി വിജയ്, ആവേശം നിറച്ച് അനിരുദ്ധിന്റെ രണ്ടാം ഗാനം പുറത്ത്

ചെന്നൈ: ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ‘ജനനായകൻ’ (Thalapathy 69) എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘ഒരു പേരെ വരലാര്’ (Oru Pere Varalaru) എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറി. ആദ്യ ഗാനമായ ‘ദളപതി കച്ചേരി’ക്ക് ലഭിച്ച വൻ വരവേൽപ്പിന് പിന്നാലെയാണ് രണ്ടാമത്തെ ലിറിക്കൽ വീഡിയോയും എത്തിയത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ആലപിച്ച ഈ ഗാനം വിവേകാണ് രചിച്ചിരിക്കുന്നത്. അനിരുദ്ധിനൊപ്പം വിശാൽ മിശ്രയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഒരു പോലീസ് ഓഫീസറായും ജനകീയ നേതാവായും വിജയ് എത്തുന്ന ചിത്രത്തിലെ മാസ്സ് എലമെന്റുകൾ ഗാനത്തിലുടനീളം പ്രകടമാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ചേർത്തുനിൽക്കുന്ന വരികളും ദൃശ്യങ്ങളുമാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. അവസാന ചിത്രം എന്ന നിലയിൽ വിജയ് ആരാധകർ ഈ റിലീസിനെ ഒരു ഉത്സവമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ്.