സാമന്തയ്ക്ക് നേരെ നടന്നത് ‘ആൾക്കൂട്ട ആക്രമണം’; ഹൈദരാബാദിലെ സംഭവത്തിൽ ആഞ്ഞടിച്ച് ചിന്മയി

ഹൈദരാബാദിലെ ഒരു മാൾ ഉദ്ഘാടനത്തിന് എത്തിയ സാമന്തയെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. തിരക്കിനിടയിൽ സാമന്തയെ തൊടാനും ചേർന്നുനിന്ന് സെൽഫിയെടുക്കാനും ആരാധകർ മത്സരിച്ചതോടെ താരം വല്ലാതെ ബുദ്ധിമുട്ടി. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചിന്മയി രംഗത്തെത്തിയത്.

സ്ത്രീകളായ താരങ്ങളെ ഒരു പൊതുസ്ഥലത്ത് കണ്ടാൽ അവരെ ശാരീരികമായി ഉപദ്രവിക്കുന്നതിനും തള്ളിക്കയറുന്നതിനും ആരാധകർക്ക് ലഭിച്ചിട്ടുള്ള ലൈസൻസ് എന്താണെന്ന് ചിന്മയി ചോദിച്ചു. ‘ആൾക്കൂട്ടാക്രമണം’ (Mobbing) എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടതെന്ന് ചിന്മയി പറഞ്ഞു. ആരാധനയുടെ പേരിൽ ഒരാളുടെ സ്വകാര്യ ഇടത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം പെരുമാറ്റങ്ങൾ സാംസ്കാരികമായ അധഃപതനമാണെന്നും ഗായിക തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

നേരത്തെയും ഇത്തരം വിഷയങ്ങളിൽ സാമന്തയ്ക്ക് പിന്തുണയുമായി ചിന്മയി എത്താറുണ്ട്. ആരാധന എന്ന പേരിൽ നടക്കുന്നത് പലപ്പോഴും അതിക്രമങ്ങളാണെന്ന ഗായികയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. നടിമാർക്ക് നേരെ പൊതുവേദികളിൽ നടക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.