
എം ടി വാസുദേവൻ നായർ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. ആ ഓർമ്മദിനത്തിൽ എഴുത്തുകാരനോടുള്ള ആദരസൂചകമായി നടൻ മമ്മൂട്ടി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം. എന്നും ഓർമ്മകളിൽ” എന്ന വാക്കുകളോടെയാണ് മമ്മൂട്ടി എംടിയെ സ്മരിച്ചത്.
മലയാളികൾക്ക് സുപരിചിതമായ ഗുരു–ശിഷ്യ ബന്ധമായിരുന്നു എം ടി വാസുദേവൻ നായരും മമ്മൂട്ടിയും തമ്മിലുള്ളത്. ആ ആത്മബന്ധം സിനിമയ്ക്കും സാഹിത്യത്തിനും അതീതമായിരുന്നു. എംടിയുടെ നിര്യാണത്തിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച വികാരഭരിതമായ കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് എംടിയുമായുള്ള ബന്ധമെന്നും, അദ്ദേഹത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതെന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കിയിരുന്നു.
സിനിമയോടുള്ള മോഹം പുതുതായി മനസ്സിൽ മുളച്ച കാലം മുതൽ എംടിയുടെ രചനകളും കഥാപാത്രങ്ങളും തന്നെ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്നും, ഒരുനാൾ അദ്ദേഹത്തിന്റെ ഏതെങ്കിലും കഥാപാത്രത്തെ അവതരിക്കാൻ സാധിക്കുമോ എന്നത് മുഹമ്മദ് കുട്ടിയുടെ വലിയ സ്വപ്നമായിരുന്നുവെന്നും മമ്മൂട്ടി ഓർമ്മിച്ചിരുന്നു. ആ സ്വപ്നകാലത്ത് നിന്ന് എംടിയുടെ പ്രിയപ്പെട്ട നടനായി മാറിയ മമ്മൂട്ടിയുടെ യാത്ര, ഒരായുസ്സിന്റെ കഥയാണ് പറയുന്നത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ 2024 ഡിസംബർ 25നാണ് അന്തരിച്ചത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി എന്നിങ്ങനെ അനവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി. ജ്ഞാനപീഠം ഉൾപ്പെടെയുള്ള അനേകം പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന് ലഭിച്ച അംഗീകാരങ്ങളാണ്.











