
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളായ നിവിൻ പോളിക്ക് സമീപകാലത്ത് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ ചിത്രം ‘സർവ്വം മായ’ ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ, നിവിൻ പോളി വീണ്ടും തന്റെ സ്വാഭാവിക ട്രാക്കിലേക്കു മടങ്ങിയെത്തിയെന്ന സൂചനകളാണ് നൽകുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 8.6 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. വിദേശ വിപണിയിൽ നിന്ന് 4.05 കോടി രൂപ കൂടി സമാഹരിച്ചതോടെ, ആഗോള കളക്ഷൻ 12.65 കോടി രൂപയിലെത്തി. ഇന്ത്യയിൽ ഓപ്പണിംഗ് ദിനത്തിൽ 3.35 കോടി രൂപ നെറ്റ് നേടിയ ചിത്രം, രണ്ടാം ദിവസം 3.85 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് രേഖപ്പെടുത്തിയത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ സിനിമയിൽ, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന നിവിൻ പോളിയുടെ സ്വാഭാവിക നർമ്മശൈലി വീണ്ടും ശക്തമായി പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാപ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ഈ പ്രതീക്ഷകൾ ഫലവത്തായതായി പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
നിവിൻ പോളിക്കും അജു വർഗീസിനുമൊപ്പം ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധൻ കൈകാര്യം ചെയ്യുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ബിജു തോമസും, പ്രൊഡക്ഷൻ ഡിസൈനറായി രാജീവനും പ്രവർത്തിക്കുന്നു. കലാസംവിധാനം അജി കുറ്റിയാണി നിർവഹിക്കുന്നു. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുകൾ ശ്രീക്കുട്ടൻ ധനേശനും വിനോദ് വേണുഗോപാലും, പ്രൊഡക്ഷൻ മാനേജർമാർ ആദർശ് സുന്ദറും സംഘവും. സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് സജീവ് സജി എന്നിവരാണ്. സ്റ്റിൽസ് രോഹിത് കെ. സുരേഷും, ലൈൻ പ്രൊഡ്യൂസർ വിനോദ് ശേഖറും, സഹസംവിധാനം ആരൺ മാത്യുവും, അസോസിയേറ്റ് ഡയറക്ടറായി വന്ദന സൂര്യയും പ്രവർത്തിക്കുന്നു. മാർക്കറ്റിംഗ് സ്നേക്ക്‌പ്ലാന്റ് കൈകാര്യം ചെയ്യുമ്പോൾ, പി.ആർ.ഓ ആയി ഹെയിൻസ് ചുമതല വഹിക്കുന്നു.











