കഷ്ടപ്പാടിന്റെ കാലത്ത് താങ്ങായി നിന്ന ശ്രീനിവാസൻ; സ്നേഹസ്മരണകളുമായി ദിനേശ് പണിക്കർ

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ ശ്രീനിവാസന്റെ വേർപാടിൽ സിനിമാലോകം വിതുമ്പുമ്പോൾ, അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ച് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. ജീവിതത്തിലെ പ്രയാസകരമായ ഘട്ടത്തിൽ ശ്രീനിവാസൻ തനിക്ക് നൽകിയ സഹായത്തെക്കുറിച്ചാണ് ദിനേശ് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചത്.

1991-ൽ പുറത്തിറങ്ങിയ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് ശ്രീനിവാസനായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചിത്രത്തിനായി അദ്ദേഹത്തിന് അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ആ സിനിമ നടന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം 2000-ത്തിൽ സാമ്പത്തികമായി താൻ ഏറെ ബുദ്ധിമുട്ടിയ സമയത്ത്, അന്ന് നൽകിയ അഡ്വാൻസ് തിരികെ നൽകാൻ സാധിക്കുമോ എന്ന് ചോദിക്കേണ്ടി വന്ന സാഹചര്യം ദിനേശ് പണിക്കർ ഓർത്തെടുത്തു.

The Legend Sreenivasan

മറുത്തൊന്നും പറയാതെ, സന്തോഷത്തോടെ ആ തുക തിരികെ നൽകി ശ്രീനിവാസൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ദിനേശ് പണിക്കർ പറയുന്നു. ചിരിയും സ്നേഹവും നന്മയും മാത്രം നിറഞ്ഞ ആ വ്യക്തിത്വം എന്നും തന്നോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.