
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ കുടുംബസുഹൃത്തും ഡോക്ടറുമായ ജ്യോതിദേവ് കേശവദേവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ശാന്തകുമാരി 90 വയസ്സു വരെ ആരോഗ്യത്തോടെ ജീവിച്ചതിന്റെ പിന്നിലെ രഹസ്യം മകൻ മോഹൻലാലും കുടുംബവും നൽകിയ സ്നേഹവും മികച്ച പരിചരണവുമാണെന്ന് അദ്ദേഹം കുറിച്ചു.
അമ്മയും മകനും തമ്മിലുള്ള അപൂർവ്വ ബന്ധം ദശാബ്ദങ്ങളായുള്ള സൗഹൃദത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ: “ലാലുച്ചേട്ടൻ എത്ര തിരക്കിലാണെങ്കിലും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ദിവസവും അമ്മയെ വിളിക്കുമായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെക്കുന്ന ലാലുച്ചേട്ടനെ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്. ആ സ്നേഹമാണ് അമ്മയുടെ ആയുസ്സ് നീട്ടിയത്.” ശാന്തകുമാരിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള സമയത്തും തന്റെ വീടിന് അടുത്തുള്ള മുടവൻമുകളിലെ വിശേഷങ്ങൾ പറയുമ്പോൾ അവർ അതീവ താല്പര്യത്തോടെ കേട്ടിരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
പരിചരണത്തിന്റെ മാതൃകയായ പ്രസന്ന കഴിഞ്ഞ 14 വർഷമായി ശാന്തകുമാരിയെ സ്വന്തം അമ്മയെപ്പോലെ പരിചരിച്ച പ്രസന്നയെയും ഭർത്താവ് ഷൺമുഖത്തെയും ഡോക്ടർ അഭിനന്ദിച്ചു. അമ്മയുടെ ചെറിയ ആംഗ്യങ്ങൾ പോലും കൃത്യമായി മനസ്സിലാക്കി മറ്റുള്ളവർക്ക് പരിഭാഷപ്പെടുത്തി നൽകിയിരുന്നത് ഇവരായിരുന്നു. പ്രസന്നയുടെ ആത്മാർത്ഥമായ ശുശ്രൂഷയെ ‘ദൈവകൃപ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സമയം പാലിക്കുന്നതിൽ കാട്ടിയ നിഷ്ഠ അമ്മയെ ദീർഘകാലം ചികിത്സിച്ചിരുന്ന ഡോക്ടർ, അവരുടെ ‘ടൈം മാനേജ്‌മെന്റ്’ രീതികളെക്കുറിച്ചും വാചാലനായി. ഫോൺ വിളിച്ചാൽ രണ്ട് മിനിറ്റിൽ കൂടുതൽ അവർ സംസാരിക്കാറില്ല. “മക്കൾക്ക് തിരക്കാണെന്ന് എനിക്കറിയാം, ഒരുപാട് പേർ കാത്തിരിക്കുന്നുണ്ടാകും” എന്ന മറുപടിയോടെ അവർ സംഭാഷണം അവസാനിപ്പിക്കും. മകന്റെ വിജയത്തിന് പിന്നിലും അമ്മയിൽ നിന്ന് ലഭിച്ച ഈ ചിട്ടകൾ ഉണ്ടാകാമെന്ന് അദ്ദേഹം കരുതുന്നു.
കുറിപ്പിന്റെ അവസാനം കേരളത്തിലെ ഇന്നത്തെ സാമൂഹികാവസ്ഥയെക്കുറിച്ചും ഡോക്ടർ ആശങ്ക പങ്കുവെച്ചു. വയോധികരായ മാതാപിതാക്കളെ ഒറ്റയ്ക്കാക്കി വിദേശങ്ങളിലേക്ക് പോകുന്ന മക്കൾക്ക്, മോഹൻലാൽ തന്റെ അമ്മയ്ക്ക് നൽകിയ ഈ സ്നേഹവും പരിചരണവും വലിയൊരു പാഠമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ മാതാവ് സീതാലക്ഷ്മി ദേവിയുമായി ശാന്തകുമാരിക്കുണ്ടായിരുന്ന ദീർഘകാല സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വികാരാധീനനായി കുറിച്ചു.











