
മലയാള സിനിമകളായ നമ്മുടെ എക്കോയെയും, പൊന്മാനെയും പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്.
പൊന്മാനിലെ ബേസിൽ ജോസഫിന്റെ പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം, മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. എക്‌സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
അടുത്തിടെ താൻ കണ്ട രണ്ട് മികച്ച നിലവാരമുള്ള മലയാള സിനിമകൾ പൊൻമാനും എക്കോയുമാണ് എന്നാണ് ദിനേശ് അഭിപ്രായപ്പെടുന്നത്. പൊന്മാൻ സിനിമയിൽ ബേസിൽ ജോസഫിന്റെ അസാമാന്യ പ്രകടനം, ആ സിനിമയിൽ ഉടനീളം അദ്ദേഹം ജീവിക്കുകയായിരുന്നു.
സിനിമയിലെ മറ്റ് അഭിനേതാക്കളും മികച്ചതായിരുന്നു. ഛായാഗ്രഹണം, ലൊക്കേഷനുകൾ എന്നിവ കൊണ്ട് ദിൻജിത്ത് അയ്യത്താൻ എക്കോ എന്ന സിനിമയെ മനോഹരമാക്കി മാറ്റി. സിനിമയുടെ കഥ മനോഹരമാണ്. എക്കോ തന്നെ അത്ഭുതപ്പെടുത്തി.
മലയാള സിനിമ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇത്തരം മികച്ച കൂടുതൽ സിനിമകൾ നിർമ്മിക്കുക, സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുക എന്നുംദിനേശ് കാർത്തിക് കുറിക്കുന്നു.











