ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗം; ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ ചിത്രം

ലോസാഞ്ചൽസ്: മലയാള സിനിമയുടെ കീർത്തി ആഗോളതലത്തിൽ ഉയർത്തിക്കൊണ്ട് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ വീണ്ടും ചരിത്രത്തിൽ ഇടംപിടിക്കുന്നു. ലോസാഞ്ചൽസിലെ വിഖ്യാതമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന വലിയ അംഗീകാരമാണ് ചിത്രം സ്വന്തമാക്കിയത്. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശന പരമ്പരയിലാണ് ഭ്രമയുഗം ഇടംപിടിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോക്ലോർ കഥകളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. മ്യൂസിയത്തിലെ പസിഫിക് ടെറസിൽ 2026 ഫെബ്രുവരി 12-നാണ് ഭ്രമയുഗത്തിന്റെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നടൻ മമ്മൂട്ടി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം വലിയ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകൾ ചിത്രം നേടിയതിന് പിന്നാലെയാണ് ഈ രാജ്യാന്തര നേട്ടം തേടിയെത്തുന്നത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ചിത്രീകരിച്ചത്. 17-ാം നൂറ്റാണ്ടിലെ കഥ പറയുന്ന സിനിമയിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തുമാണ് ചിത്രം നിർമ്മിച്ചത്.