
ചെന്നൈ: തനിക്കും കുടുംബത്തിനുമെതിരെ ആസൂത്രിതമായ രീതിയിൽ ‘പെയ്ഡ് സൈബർ ആക്രമണങ്ങൾ’ നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി തമിഴ് നടൻ ശിവകാർത്തികേയൻ. തന്റെ പുതിയ ചിത്രമായ ‘പരാശക്തി’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് താരം വികാരാധീനനായത്. സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനൊപ്പം കുടുംബത്തെപ്പോലും വലിച്ചിഴയ്ക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ചടങ്ങിൽ അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കവേ ശിവകാർത്തികേയൻ പൊട്ടിക്കരഞ്ഞു. “കോളേജിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അന്ന് അച്ഛന്റെ ഭൗതികദേഹത്തിന് മുന്നിൽ നിന്ന് അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചത് ‘ഇനി ഇവന് ആരുണ്ട്?’ എന്നായിരുന്നു. ആ ചോദ്യം ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. തന്നെ തളർത്താൻ വേണ്ടി ആയിരങ്ങൾ ശ്രമിക്കുമ്പോഴും താങ്ങിപ്പിടിക്കാൻ ലക്ഷക്കണക്കിന് ആരാധകർ കൂടെയുണ്ടെന്നതാണ് തന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിലിരുന്ന താരത്തിന്റെ അമ്മയും ഭാര്യയും കണ്ണീരോടെയാണ് ഈ വാക്കുകൾ കേട്ടത്.
വിജയ് ചിത്രം ‘ജനനായകനു’മായി തന്റെ ചിത്രം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നതിനെക്കുറിച്ചും ശിവകാർത്തികേയൻ പ്രതികരിച്ചു. സിനിമകൾ തമ്മിലുള്ള മത്സരം തമിഴ് സിനിമയുടെ ആഘോഷമാണെന്നും ഇതിൽ വ്യക്തിപരമായ ശത്രുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊങ്കൽ റിലീസായി ചിത്രം പ്രഖ്യാപിക്കുന്നതിന് മുൻപ് വിജയ്‌യോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും തങ്ങൾക്കിടയിൽ മികച്ച ബന്ധമാണുള്ളതെന്നും താരം പറഞ്ഞു.
സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’ ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുകയാണ്. തമിഴ് സിനിമയിലെ മുൻനിര നായകനിലേക്കുള്ള തന്റെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പെയ്ഡ് സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്നും എന്നാൽ ആരാധകരുടെ പിന്തുണയോടെ ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും മത്സരങ്ങളും വ്യക്തിഹത്യയിലേക്ക് മാറുന്നതിനെതിരെ കടുത്ത ഭാഷയിലാണ് താരം പ്രതികരിച്ചത്.











