ഭഭബ ഒടിടിയിലേക്ക് എത്തുന്നു ; ജനുവരി പതിനാറ് മുതൽ സീ ഫൈവിൽ

ഏറെ നാളുകൾക്ക് ശേഷം ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഭഭബ. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമാണ് ഭഭബ. താര ദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ധനഞ്ജയ് ശങ്കർ ആയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം പുറത്തിറങ്ങുന്ന ദിലീപ് ചിത്രം എന്ന പ്രത്യേകതയും ഭഭബയ്ക്ക് ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷം എന്ന ഹൈപ്പോടെയാണ് ഭഭബ തിയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടാനായില്ല. തൊട്ടു പിന്നാലെ തീയേറ്ററിൽ എത്തിയ അഖിൽ സത്യൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത സര്‍വ്വം മായ ക്രിസ്മസ് വിന്നര്‍ ആയതോടെ ഭഭബയ്ക്ക് കളം വിടേണ്ടി വന്നു എന്നതാണ് സത്യാവസ്ഥ.

നൂറ് കോടി നേടുമെന്ന് ദിലീപ് ആരാധകര്‍ തറപ്പിച്ചു പറഞ്ഞ സിനിമയായിരുന്നു ഭഭബ. ആദ്യ ദിവസം നല്ല കളക്ഷനും നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രം മൂക്കും കുത്തി വീണു. നാല്‍പ്പത് കോടിയിലേറെ മുടക്കിയൊരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 46 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭമാകാന്‍ 70 കോടിയെങ്കിലും നേടേണ്ടിയടത്താണ് ചിത്രത്തിന്റെ കളക്ഷന്‍ 46 കോടിയുടെ അടുത്ത് അവസാനിക്കുന്നത്.

ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ് ഭഭബ. സീ ഫൈവാണ് ഭഭബയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി പതിനാറിനാണ് ഭഭബയുടെ ഒടിടി റിലീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭഭബയുടെ ഒടിടി അവകാശം വിറ്റുപോയത് പത്ത് കോടിയില്‍ താഴെ തുകയ്ക്കാണ്. അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന് നല്‍കിയ പ്രതിഫലം പോലും ഒടിടിയിലൂടെ സിനിമയ്ക്ക് തിരികെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാൽ പക്ഷെ ഈ വാര്‍ത്തകളോട് ഒന്നും തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. ബോക്‌സ് ഓഫീസ് പരാജയം മാത്രമല്ല, കോണ്ടന്റിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ഭഭബയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ഒരു രംഗം നടി ആക്രമിക്കപ്പെട്ട കേസിനെ പരോക്ഷമായി പരിഹസിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. ചിത്രത്തിലെ മറ്റൊരു രംഗം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തെ കളിയാക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.