
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയ ‘എമ്പുരാൻ’ എന്ന സിനിമയെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി അമ്മ മല്ലിക സുകുമാരൻ രംഗത്ത്. സെൻസർ ബോർഡിന് മുന്നിൽ പൃഥ്വിരാജ് കരഞ്ഞു കാലുപിടിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി.
ഒരു ചാനൽ ആങ്കർ ഒരു ദിവസം ന്യൂസിൽ പറഞ്ഞതാണ്, ‘എമ്പുരാൻ’ സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർ ബോർഡ്കാരുടെ കാലിൽ വീണ് ‘എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞ് കരഞ്ഞെന്ന്’. ഏത്, പൃഥ്വിരാജ്? അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് നമ്മൾ ജീവിക്കുന്നതെന്നും മല്ലിക പറയുന്നു.
സിനിമ സെൻസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങൾ സംസാരിക്കാൻ സെൻസർ ബോർഡ് വിളിച്ചതനുസരിച്ച് പൃഥ്വിരാജ് അവിടെ പോകുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ പ്രചരിക്കുന്നത് പോലെ നാടകീയമായ സംഭവങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നു പറയുകയാണ് മല്ലിക.
അന്ന് അവൻ ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ വന്ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്കത്തെ ഫ്‌ളൈറ്റിൽ തിരുവനന്തപുരത്ത് വന്നപ്പോഴേക്കും സെൻസർ ബോർഡ് കേന്ദ്രത്തിൽ പടം തുടങ്ങി. അപ്പോൾ പടം തീരുന്നതു വരെ അവനവിടെ കാത്തിരുന്നു. പടം കഴിഞ്ഞപ്പോൾ കുറച്ച് സംശയങ്ങളുണ്ടെന്ന് പറഞ്ഞ് അവനെ അകത്ത് വിളിച്ച് സംസാരിച്ചു. അത് കഴിഞ്ഞ് അവനവന്റെ പാട്ടിന് ആറ് മണിക്ക് ഫ്ലൈറ്റിൽ തിരിച്ച് പോയി. അവൻ ഷൂട്ടിങ് സ്ഥലത്തുനിന്ന് വന്നതാണ്. അവൻ പോയി കഴിഞ്ഞ് സെൻസർബോർഡ് സസർട്ടിഫിക്കറ്റ് കൊടുത്തു പടം നാലുദിവസം ഓടി. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
പിന്നെ എവിടെ നിന്നാണ് പൃഥ്വിരാജ് കാലിൽ വീണു എന്നൊക്കെ കുത്തിപ്പൊക്കി വന്നത്? ഈ സംഭവം കഴിഞ്ഞ് ഞാൻ അന്വേഷിച്ചു, രാഷ്ട്രീയ പാർട്ടിയിൽ വലിയ നേതൃനിരയിൽ നിൽക്കുന്ന ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് സാറെ സംഭവം? അപ്പോൾ അവർ പറഞ്ഞു എല്ലാം വന്നത് നിങ്ങൾ താമസിക്കുന്ന തിരുവനന്തപുരത്തുനിന്നാണ്, ആരാണ് ഈ വിവാദം ഉണ്ടാക്കിയത് എന്ന് പേര് വരെ പറഞ്ഞിട്ടുണ്ട്.
ഇന്നാര് ഇവിടെനിന്ന്, കുന്നുകുഴിയിൽ ഉള്ള ആള് നേമത്ത് ചെന്ന് പറഞ്ഞു, അങ്ങനെ സ്ഥലങ്ങൾ വരെ പറഞ്ഞു, ആളുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല. അത് ചെയ്തത് മുഴുവൻ ബിജെപിക്കാര്‍ ആണെന്ന് ഞാൻ പറയുന്നില്ല , മറിച്ച് ബിജെപിയോട് അനുഭാവമുള്ള, അല്ലെങ്കിൽ സ്ഥാനമാനങ്ങളും സാമ്പത്തിക ലാഭവവും വേണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. ബിജെപിയിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഭരണാധികാരികാലുണ്ടെന്നും മല്ലിക പറയുന്നു.











