
നിഖില വിമൽ നായികയായി എത്തിയ ‘പെണ്ണ് കേസ് തിയേറ്ററിൽ റിലീസായിരിക്കുന്നു. അടിമുടി നിഖില വിമൽ ഷോയാണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കോമഡി- ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ‘പെണ്ണ് കേസ്’ കേവലമൊരു കെട്ടുകഥയല്ല, പലപ്പോഴും വാർത്തകളിൽ നമ്മൾ കാണുന്ന വിവാഹതട്ടിപ്പുകളുടെ ദൃശ്യാവിഷ്കാരമാണ്. അതിനെ സംവിധായകൻ ഫെബിൻ സിദ്ധാർഥ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു വിവാഹം മുടക്കാനായി ഒരു സംഘം ഇറങ്ങിത്തിരിക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. കല്യാണ തത്രപ്പാടുകളായിരുന്നു ആദ്യമെങ്കിൽ പിന്നീട് കല്യാണം മുടക്കികളുടെ ആഘോഷമായി മാറുന്നു. കലാപമായ വിവാഹ വേദിയിൽ നിന്നും നേരെ പോകുന്നത് കുടിയാന്മല പൊലീസ് സ്റ്റേഷനിലേക്കാണ്. ആദ്യമെ തന്നെ നിഖില വിമലിന്റെ ക്യാരക്ടർ റിവീൽ ആകുന്നുണ്ട്. പേടിച്ചരണ്ടിരിക്കുന്ന, ആരെയോ ഭയക്കുന്ന ഒരു മുഖമായിരുന്നു നിഖിലയുടേത്. ശേഷം തട്ടിപ്പുകളുടെ കഥയുമായി മുന്നോട്ട് പോകുന്ന ചിത്രത്തിൽ പ്രേക്ഷകന് നിഖിലയുടെ വേഷത്തോട് ഒരു സഹതാപം തോന്നും.
പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എലമെന്റുകൾ തിരക്കഥാകൃത്ത് രശ്മി രാധാകൃഷ്ണൻ ചിത്രത്തിൽ വാരി വിതറിയിട്ടുണ്ട്. ചിത്രത്തിൽ ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കളടക്കം മികച്ച പ്രകടം കാഴ്ചവച്ചുവെങ്കിലും പെണ്ണ് കേസിന്റെ നേടും തൂൺ നായിക നിഖില വിമൽ തന്നെയാണ്. ഒന്ന് പാളിയാൽ ഓവർ ആകാവുന്ന തരത്തിലുള്ള വിവാഹ തട്ടിപ്പുകാരിയായി നിഖില ഞെട്ടിച്ചിരികുകയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു തണുത്ത കാറ്റുപോലെ വന്ന് പിന്നെ അങ്ങ് ആഞ്ഞടിച്ചൊരു ചിത്രമാണിത്. ട്രെയിലർ വന്നപ്പോൾ മുതൽ ഇതൊരു വിവാഹ തട്ടിപ്പ് കേസ് ആണെന്ന് വ്യക്തമായിരുന്നു. അത് തന്നെയാണ് സിനിമയും. എന്നാൽ അതവതരിപ്പിച്ചിരിക്കുന്ന രീതി ഏറെ വ്യത്യസ്തമാണ്. അതേറ്റവും മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകനായ ഫെബിൻ സിദ്ധാർത്ഥിന് സാധിച്ചിട്ടുമുണ്ട്.
ആദ്യപകുതിയിൽ എന്താണ് കഥയെന്നാണ് പറഞ്ഞതെങ്കിൽ രണ്ടാം പകുതി സസ്പെൻസുകളുടെ കൂടാരമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ മുൻവിധികളെ കാറ്റിൽ പറത്തിയുള്ള ക്ലൈമാക്സ് ആയിരുന്നു പ്രധാന ഹൈലൈറ്റ്.











