പ്രഭാസ് ആരാധകരുടെ അതിരുവിട്ട ആഘോഷം; ഒഡീഷയിൽ തിയേറ്ററിനുള്ളിൽ തീപിടുത്തം

സൂപ്പർതാരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘ദി രാജാ സാബ്’ റിലീസിനോടനുബന്ധിച്ച് ഒഡീഷയിലെ റായഗഡയിലുള്ള അശോക് ടാക്കീസിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുകയും ആഘോഷങ്ങൾക്കായി തീ ഉപയോഗിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. പ്രിയതാരത്തിന്റെ സ്ക്രീനിലെ മാസ് എൻട്രി ആഘോഷമാക്കാൻ ആരാധകർ ആവേശത്തോടെ പടക്കം പൊട്ടിച്ചപ്പോൾ സ്ക്രീനിന് സമീപമുള്ള അലങ്കാര വസ്തുക്കളിലേക്ക് തീ പടരുകയായിരുന്നു.

തിയേറ്ററിനുള്ളിൽ പുകയും തീയും ഉയർന്നതോടെ കാണികൾ പരിഭ്രാന്തരായി ചിതറിയോടി. സ്ക്രീനിന് മുൻപിൽ ആരാധകർ ‘ആളതി’ ഉഴിയുകയും പൂത്തിരികൾ കത്തിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പെട്ടെന്നുണ്ടായ തീപിടുത്തം തിയേറ്റർ ജീവനക്കാരുടെയും കാണികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തമാകാതെ ഒഴിവായത്. ഉടൻ തന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പ്രദർശനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.

സിനിമയോടുള്ള ആരാധന അതിരുവിടുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. അടച്ചിട്ട എസി തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുന്നത് നൂറുകണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. പ്രഭാസിന്റെ ആരാധകരുടെ ഈ പക്വതയില്ലാത്ത പെരുമാറ്റം താരത്തിന് തന്നെ നാണക്കേടാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെന്റസി ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ട ‘ദി രാജാ സാബ്’ ജനുവരി 9-നാണ് തിയേറ്ററുകളിൽ എത്തിയത്. സഞ്ജയ് ദത്ത്, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ആരാധകരുടെ അപകടകരമായ ആഘോഷം വാർത്തകളിൽ ഇടംപിടിക്കുന്നത്.