
തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ താരത്തിന് സമൻസ് അയച്ചിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ വിജയ് ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
2025 സെപ്റ്റംബർ 27-നാണ് തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തം സംഭവിച്ചത്. 10,000 പേർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പരിപാടിയിൽ ഏകദേശം 27,000-ത്തിലധികം ആളുകൾ തടിച്ചുകൂടിയതാണ് വൻ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും വിജയ് എത്തുന്നതിലുണ്ടായ കാലതാമസവും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന് ആരോപണമുയർന്നിരുന്നു. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
THALAPATHY VIJAY
അന്വേഷണത്തിന്റെ ഭാഗമായി ടിവികെയുടെ മുതിർന്ന നേതാക്കളായ ബുസ്സി ആനന്ദ്, നിർമൽ കുമാർ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കൂടാതെ കരൂർ ജില്ലാ കളക്ടർ, എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടനത്തിൽ വീഴ്ചയുണ്ടായോ എന്നും അനുമതി പത്രത്തിലെ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ സിബിഐ അന്തിമ തീരുമാനമെടുക്കും.
സംഭവം നിർഭാഗ്യകരമാണെന്നും തനിക്ക് വലിയ വിഷമമുണ്ടെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് ടിവികെ നേതാക്കൾ വാദിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന വിജയ്‍യെയും അദ്ദേഹത്തിന്റെ പാർട്ടിയെയും സംബന്ധിച്ചിടത്തോളം ഈ അന്വേഷണം ഏറെ നിർണ്ണായകമാണ്.











