
ജനപ്രിയ വെബ് സീരീസായ ‘യൂഫോറിയ’യുടെ (Euphoria) മൂന്നാം സീസൺ ടീസർ പുറത്തിറങ്ങിയതോടെ നടി സിഡ്‌നി സ്വീനിയുടെ കഥാപാത്രമായ ക്യാസി ഹൊവാർഡിന്റെ വേഷപ്പകർച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മുൻ സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ലുക്കിലും സ്വഭാവത്തിലുമാണ് ക്യാസി പുതിയ ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള കഥാപരിസരമാണ് പുതിയ സീസണിൽ ഒരുക്കിയിരിക്കുന്നതെന്ന സൂചന ടീസർ നൽകുന്നുണ്ട്.
മൂന്നാം സീസണിൽ ക്യാസി ഒരു ‘ക്യാം ഗേൾ’ (Cam Girl) ആയി മാറുന്നതായാണ് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. പ്ലേബോയ് ബണ്ണി (Playboy Bunny) വേഷത്തിൽ ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന ക്യാസിയെയും ടീസറിൽ കാണാം. സീരീസിലെ തന്നെ മറ്റൊരു പ്രധാന കഥാപാത്രമായ നേറ്റുമായി (ജേക്കബ് എലോർഡി) ക്യാസി പ്രണയത്തിലാണെന്നും ഇവർ ഇപ്പോൾ നഗരത്തിന് പുറത്ത് ഒരുമിച്ച് താമസിക്കുകയാണെന്നുമാണ് സൂചനകൾ. ക്യാസിയുടെ ഈ പുതിയ മാറ്റം ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ക്യാസിയെന്നും ഈ വേഷത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നതിൽ വലിയ ആവേശമുണ്ടെന്നും സിഡ്‌നി സ്വീനി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സങ്കീർണ്ണമായ കഥാസന്ദർഭങ്ങളിലൂടെയാണ് ക്യാസി ഇത്തവണ കടന്നുപോകുന്നത്. സീരീസിലെ മറ്റ് പ്രധാന താരങ്ങളായ സെൻഡയ (റൂ), ജേക്കബ് എലോർഡി എന്നിവരും ടീസറിൽ ശ്രദ്ധേയമായ മാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
സാധാരണ കൗമാര പ്രായത്തിലെ കഥകളിൽ നിന്ന് മാറി, കഥാപാത്രങ്ങളുടെ മുതിർന്ന പ്രായത്തിലെ ജീവിതത്തിലേക്കാണ് പുതിയ സീസൺ വിരൽചൂണ്ടുന്നത്. ലഹരിയുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ പ്രമേയമാകുന്ന യൂഫോറിയ സീസൺ 3, 2026 ഏപ്രിലിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. എച്ച്ബിഒ (HBO) പുറത്തുവിട്ട ടീസർ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.











