
കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരനും സംവിധായകനുമായ സേതു ഏയ്യാൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. ലാലേട്ടന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ ഹൃദയസ്പർശിയായ ഒരു ഓയിൽ പെയിന്റിംഗ് സമർപ്പിച്ചുകൊണ്ടാണ് സേതു ആ പഴയ ഓർമ്മകൾ പങ്കുവെക്കുന്നത്.
ലാലേട്ടന്റെ കുടുംബവുമായി വർഷങ്ങളായുള്ള ആത്മബന്ധമാണ് സേതുവിനുള്ളത്. മോഹൻലാലിന്റെ പിതാവിന്റെ ചിത്രം വരച്ചു നൽകിയപ്പോഴുണ്ടായ അനുഭവമാണ് സേതുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന്. അന്ന് ആ ചിത്രം കണ്ട ശേഷം മോഹൻലാലിന്റെ അമ്മ സേതുവിനെ നേരിട്ട് വിളിച്ചിരുന്നു.
“മക്കളേ… എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഈ ചിത്രം കണ്ടാൽ ലാലുവിന്റെ അച്ഛൻ എന്നോട് സംസാരിക്കുന്നത് പോലെ തോന്നുന്നു…” എന്ന് വിതുമ്പലോടെ അമ്മ പറഞ്ഞ വാക്കുകൾ ഒരു നാഷണൽ അവാർഡ് കിട്ടിയതിനേക്കാൾ വലിയ സന്തോഷമാണ് തനിക്ക് നൽകിയതെന്ന് സേതു ഓർക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞു പോയ ശേഷം, ആ മുഖം അത്രത്തോളം തന്മയത്വത്തോടെ ക്യാൻവാസിൽ കണ്ടപ്പോഴുള്ള ഒരമ്മയുടെ വികാരമായിരുന്നു അത്.
മദർ ദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രം കണ്ടാണ് ശാന്തകുമാരിയമ്മയുടെ ഈ പുതിയ പെയിന്റിംഗ് സേതു തയ്യാറാക്കിയത്. ലാലേട്ടൻ ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് ആ കുടുംബത്തോടുള്ള സ്നേഹം കാരണമാണ് താൻ ഇത് വരച്ചതെന്ന് സേതു പറയുന്നു. ഈ ചിത്രത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ തന്നെ ചെന്നൈയിൽ നിന്നും ലാലേട്ടൻ നേരിട്ട് വിളിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ലോഹിതദാസിന്റെ സഹായിയായി സിനിമയിലെത്തിയ സേതു ഏയ്യാൽ, സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി സ്വാമികളുടെ അവസാന ചിത്രമായ ‘ശ്യാമരാഗം’ സംവിധാനം ചെയ്തതും അദ്ദേഹമാണ്. മോഹൻലാലിന്റെ എട്ടു ചിത്രങ്ങളോളം ഇതിനോടകം സേതു വരച്ചിട്ടുണ്ട്. ലാലേട്ടന്റെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികളുടെ (അച്ഛന്റെയും അമ്മയുടെയും) ചിത്രങ്ങൾ വരയ്ക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിലാണ് ഈ കലാകാരൻ.











