ദാമ്പത്യത്തിന് 23 വർഷം; പ്രണയവും സൗഹൃദവും പങ്കുവെച്ച് സംവിധായകൻ പ്രകാശ് വർമ

പ്രശസ്ത പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമയും ഭാര്യ സ്നേഹ ഐപ്പും തങ്ങളുടെ ഇരുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു. ജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പും മനോഹരമായ ഒരു വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് വർമ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. പ്രിയതമയ്ക്കൊപ്പമുള്ള കഴിഞ്ഞ കാലങ്ങളിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ദമ്പതികൾ എന്നതിലുപരി തങ്ങൾക്കിടയിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചാണ് പ്രകാശ് വർമ കുറിപ്പിൽ പരാമർശിക്കുന്നത്. തങ്ങൾ 29 വർഷമായി അടുത്ത സുഹൃത്തുക്കളാണെന്നും കഴിഞ്ഞ 25 വർഷമായി ബിസിനസ് പങ്കാളികളായി ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. ഇതിനുപുറമെ, ഒരു അച്ഛനും അമ്മയും എന്ന നിലയിലുള്ള 20 വർഷത്തെ ഉത്തരവാദിത്തങ്ങളും തങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

പ്രകാശ് വർമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ സിനിമ-പരസ്യ രംഗത്തെ നിരവധി പ്രമുഖർ ആശംസകളുമായി എത്തിയിട്ടുണ്ട്. സംവിധായകൻ തരുൺ മൂർത്തി, ജിസ് ജോയ്, നടന്മാരായ സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങൾ ദമ്പതികൾക്ക് വിവാഹവാർഷിക ആശംസകൾ നേർന്നു.

നിലവിൽ അഭിനയരംഗത്തും സജീവമാണ് പ്രകാശ് വർമ. മമ്മൂട്ടി ചിത്രം ‘ബ്ലാക്കി’ന് ശേഷം സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. കൊച്ചിയിലെ പോലീസുകാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ഇതിന്റെ ചിത്രീകരണ തിരക്കുകൾക്കിടയിലാണ് താരം തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ചത്.