
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഈ തനിനിറം’ ചിത്രീകരണം പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജനുവരി പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു കേസന്വേഷണ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.
ഒരു റിസോർട്ടിൽ വെച്ച് നടക്കുന്ന ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള കുറ്റാന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥനായാണ് അനൂപ് മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. സാധാരണ കുറ്റാന്വേഷണ ശൈലികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഗ്രിപ്പിംഗ് ആയ തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത.
ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് അംബിക കണ്ണൻ ബായ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോനെ കൂടാതെ രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പാലാ, ഭരണങ്ങാനം, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.











