
തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റി. ചിത്രത്തിന് സെൻസർ ബോർഡ് (CBFC) സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് അനുകൂല വിധി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചിരിക്കുന്നത്.
ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാനാണ് ബോർഡ് തീരുമാനിച്ചത്. ഈ തീരുമാനത്തെ കോടതിയിൽ നിർമ്മാതാക്കൾ ശക്തമായി എതിർത്തു. സിനിമയുടെ റിലീസ് തടയാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് നിർമ്മാതാക്കളുടെ വാദം.
ഏകദേശം 500 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമപരമായ തടസ്സങ്ങൾ കാരണം റിലീസ് നീണ്ടുപോയി. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാവി ഇപ്പോൾ കോടതിയുടെ വിധിക്ക് വിധേയമാണ്. കേസിൽ കോടതിയുടെ അന്തിമ തീരുമാനം വരുന്നതോടെ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.











