
റിലീസ് തീയതിയെക്കുറിച്ചുള്ള അവ്യക്തത കാരണം നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ മുന്നറിയിപ്പ് നൽകിയതായി വിജയ് ചിത്രം ‘ജനനായക’ന്റെ നിർമാതാക്കൾ.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അപ്പീൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കവേയാണ് ഈ വിവരം പുറത്തുവന്നത്.

ഡിസംബർ 25 നും ജനുവരി 5 നും ഇടയിൽ CBFC യിൽ നിന്ന് യാതൊരു ആശയവിനിമയവും ഉണ്ടായില്ലെന്നും അപ്ഡേറ്റുകൾക്കായി പലതവണ അഭ്യർത്ഥിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നും നിർമാമ്മാതാക്കൾ ആരോപിക്കുന്നു.
ജനുവരി 20 ലെ ഹിയറിംഗിലാണ് റിലീസ് തീയതി അനിശ്ചിതമായി തുടർന്നാൽ നിയമനടപടികൾ ഉണ്ടാകുമെന്ന് ആമസോൺ അറിയിച്ചതായി നിർമാതാക്കൾ വെളിപ്പെടുത്തിയത്.
ഡിസംബർ 31-ന് ആണ് ആമസോൺ പ്രൈം വീഡിയോ ഇത്തരമൊരു നിയമപരമായ മുന്നറിയിപ്പ് നൽകിയത്. റിലീസ് തീയതി നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പങ്ങൾ തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന ആശങ്കയാലാണ് അവർ ഈ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ട്.











