
യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രകമ്പനം’ ജനുവരി 30-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഹൊറർ-കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.
‘നദികളിൽ സുന്ദരി യമുന’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് സിനിമയുടെ പ്രധാന പശ്ചാത്തലങ്ങൾ. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾക്കൊപ്പം അപ്രതീക്ഷിതമായി കടന്നുവരുന്ന ഹൊറർ ഘടകങ്ങളും ചേർന്നതാണ് പ്രകമ്പനത്തിന്റെ ഇതിവൃത്തം.
കാർത്തിക് സുബ്ബരാജിന്റെ പ്രശസ്ത നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകനായ വിജേഷ് പാണത്തൂർ തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ശ്രീഹരി വടക്കന്റേതാണ്.
ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. അന്തരിച്ച നടൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് പ്രകമ്പനം. ബിബിൻ അശോകിന്റെ സംഗീതവും ശങ്കർ ശർമ്മയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ആൽബി ആന്റണിയാണ് ഛായഗ്രഹണം.











