സൈബർ പീഡകർക്കെതിരെ ആഞ്ഞടിച്ച് ചിന്മയി; ‘നാണക്കേട് നിങ്ങളുടേതല്ല, നിശബ്ദരായിരിക്കരുത്’

ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദയ്ക്ക് നേരെ വീണ്ടും കടുത്ത സൈബർ ആക്രമണം. താരത്തിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും കുഞ്ഞുങ്ങൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത പീഡകർക്കെതിരെ ശക്തമായ പ്രതികരണവുമായി ചിന്മയി രംഗത്തെത്തി. തനിക്ക് നേരെ നടക്കുന്ന ഇത്തരം ക്രൂരമായ പീഡനങ്ങൾ തുറന്നുപറഞ്ഞ താരം, സ്ത്രീകൾ ഇത്തരത്തിലുള്ള ഭീഷണികൾക്ക് മുന്നിൽ ഭയപ്പെട്ട് നിശബ്ദരാകരുതെന്ന് ആഹ്വാനം ചെയ്തു.

തന്നെ അധിക്ഷേപിക്കുന്നതിനായി ഒരു പുരുഷസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തി. തനിക്ക് ഇഷ്ടമില്ലാത്ത സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകരുതെന്നും, ഉണ്ടായവർ ഉടൻ മരിക്കണമെന്നും വരെ സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചതായി താരം പറഞ്ഞു. ഇത്തരം കമന്റുകളെ പ്രോത്സാഹിപ്പിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ മനോഭാവം ഭയാനകമാണെന്നും ചിന്മയി കൂട്ടിച്ചേർത്തു. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെയും തന്റെ കുടുംബത്തെയും തകർക്കാനാണെന്നും താരം വ്യക്തമാക്കി.

ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾ വർദ്ധിക്കുമെന്നും അതിനെ നേരിടാൻ സ്ത്രീകൾ തയ്യാറെടുക്കണമെന്നും ചിന്മയി ഓർമ്മിപ്പിച്ചു. “നിങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്താൽ അത് നിങ്ങളുടെ നാണക്കേടല്ല. മറിച്ച് അത് ചെയ്യുന്നവന്റേതാണ്” എന്ന് താരം പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളർത്തുദോഷം വന്നവരാണെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും ചിന്മയി ആവശ്യപ്പെട്ടു. ഭർത്താവ് രാഹുൽ രവീന്ദ്രൻ ഒരു പരിപാടിക്കിടെ മംഗൾസൂത്ര ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് താരത്തിനും കുടുംബത്തിനുമെതിരെ ആക്രമണം ശക്തമായത്.